തിരുവനന്തപുരം : പ്രതിപക്ഷത്തിന്‍റെ രൂക്ഷമായ തടസവാദങ്ങള്‍ തള്ളി വിവാദ ലോകായുക്ത ഭേദഗതി ബിൽ നിയമസഭ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.നിയമമന്ത്രി പി.രാജീവ് അവതരിപ്പിച്ച ബില്ലിന്‍മേല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അദ്ദേഹവും തമ്മില്‍ രൂക്ഷമായ വാദപ്രതിപവാദം നടന്നു.
ഒരു ജുഡീഷ്യല്‍ സംവിധാനത്തിന്‍റെ അധികാരം എക്‌സിക്യുട്ടീവ് കവരുന്ന അത്യപൂര്‍വ ബില്ലാണിതെന്ന് തടസവാദമുന്നയിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരാള്‍ അയാള്‍ക്കെതിരായ കേസില്‍ വിധിപറയാന്‍ പാടില്ലെന്ന് ഭരണഘടന പറയുന്നതിന്‍റെ ലംഘനമാണ് ബില്ല്. പുതിയ ഭേദഗതിയോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ കേസുകളൊന്നും നിലനില്‍ക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.
പല്ലും നഖവുമുള്ള നിയമമാണ് നിലവില്‍ കേരളത്തിലെ ലോകായുക്ത നിയമം. 22 വര്‍ഷത്തിനുശേഷം പല്ലും നഖവും സര്‍ക്കാര്‍ പറിച്ചെടുക്കുകയാണ്. സി.പി.ഐ നേതാവായിരുന്ന നിയമ മന്ത്രി ഇ. ചന്ദ്രശേഖരന്‍നായര്‍ കൊണ്ടുവന്ന നിയമത്തെ ഇല്ലാതാക്കാന്‍ സി.പി.ഐ കൂട്ടുനില്‍ക്കരുതായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന അഴിമതി നിരോധന നിയമം ഇല്ലാതാവുകയാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
എന്നാല്‍ ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ല, അന്വേഷണ സംവിധാനമാണെന്ന് മന്ത്രി പി രാജീവ് മറുപടി നല്‍കി. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല. പൊലീസ് അന്വേഷിക്കുന്ന കേസില്‍ അവര്‍ തന്നെ ശിക്ഷ വിധിച്ചാല്‍ എങ്ങനെ ശരിയാകും. ഇത് ലോകത്ത് ഒരിടത്തും ഇല്ലാത്ത സംവിധാനമാണ്.
മൂല നിയമത്തില്‍ നിലവിലുള്ള വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചു. 1998ല്‍ ലോകായുക്ത നിയമം നിയമസഭ പാസാക്കുമ്പോള്‍ ലോക്‌പാല്‍ നിയമം പാര്‍ലമെന്‍റ് പാസാക്കിയിട്ടില്ല. ഈ നിയമം വന്നതോടെ കേരളത്തിലെ ലോകായുക്ത നിയമത്തില്‍ ചില പോരായ്‌മകള്‍ കണ്ടെത്തി. ലോകായുക്ത നിയമത്തെ കൂടുതല്‍ ശക്തവും നിയമാനുസൃതവുമാക്കാനുള്ള ബില്ലാണിതെന്നും നിയമമന്ത്രി പറഞ്ഞു.
എന്നാല്‍ മൂലനിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നയപരമായ തീരുമാനമാണിതെന്നും ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സ്‌പീക്കര്‍ റൂളിംഗ് നല്‍കി. പിന്നാലെ ബില്‍ നിയമസഭയുടെ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടുകയായിരുന്നു. സബ്‌ജക്‌ട് കമ്മിറ്റി ചര്‍ച്ചകള്‍ക്കുശേഷം തിങ്കളാഴ്‌ചയോടെ ബില്ല് പാസാക്കും.