തിരുവനന്തപുരം : നിരന്തരമായ വെള്ളപ്പൊക്കത്തെ തുടർന്ന് കുട്ടനാട്ടിൽ നിന്നും ജനം പലായനം ചെയ്യുന്നതായി പ്രതിപക്ഷം. പ്രശ്‌നം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പി.സി. വിഷ്‌ണുനാഥാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടിസ് നൽകിയത്.
'കുട്ടനാട്ടിൽ നിന്ന് 30 കുടുംബങ്ങളോളം പാലായനം ചെയ്‌തു'
2018ന് ശേഷം കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് മാത്രം കടുത്ത ദുരിതത്തെ തുടർന്ന് 30 കുടുംബങ്ങൾ പാലായനം ചെയ്‌തതായി പി.സി. വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. കുട്ടനാട്ടിലെ ജനങ്ങളുടെ നിശബ്‌ദമായ നിലവിളി സർക്കാർ കേൾക്കുന്നില്ല.
ഓരോ ബജറ്റിലും കോടികൾ പ്രഖ്യാപിക്കുന്നത് അല്ലാതെ ഒന്നും നടക്കുന്നില്ല. പാക്കേജുകളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും കുട്ടനാട്ടിൽ നിന്നുള്ള എംഎൽഎമാരുമായി സർക്കാർ ആശയവിനിമയം നടത്തുന്നില്ലെന്നും വിഷ്‌ണുനാഥ് ആരോപിച്ചു.
നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കുട്ടനാടിനെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ പറഞ്ഞു. തോട്ടപ്പള്ളി സ്‌പിൽവേ വഴിയും മറ്റ് അനുബന്ധ കനാലുകളിലൂടെയും ശരിയായ രീതിയിൽ വെള്ളം പുറത്തേക്ക് പോകാത്തതാണ് പ്രശ്‌നത്തിന് കാരണം.
കനാലുകളിലെ എക്കലും ചെളിയും സമയ ബന്ധിതമായി നീക്കം ചെയ്യും. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കുട്ടനാട്ടിൽ നിന്ന് ആരെങ്കിലും പലായനം ചെയ്‌തിട്ടുണ്ടെങ്കിൽ അവരെ തിരികെ കൊണ്ടുവരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
അതേസമയം ഒന്നാം കുട്ടനാട് പാക്കേജ് തകർത്തത് കോൺഗ്രസുകാരാണെന്നായിരുന്നു കുട്ടനാട് എം.എൽ.എ തോമസ്.കെ തോമസിൻ്റെ പരാമർശം.
ജനങ്ങൾ ദുരിതത്തിലെന്ന് പ്രതിപക്ഷ നേതാവ്
പ്രാഥമിക ആവശ്യങ്ങൾ പോലും സാധ്യമാകാതെ കുട്ടനാട്ടിലെ ജനങ്ങൾ ദുരിതത്തിലാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സഹിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളാണ് ഓരോരുത്തരും അനുഭവിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ അല്ലാതെ മറ്റെങ്ങും പറയാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം സർക്കാരിന് ഇക്കാര്യത്തിൽ തുറന്ന സമീപനമാണെന്നും യാഥാർഥ്യബോധത്തോടെയുള്ള ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
READ MORE: ഒന്നാം കുട്ടനാട് പാക്കേജ് പൊളിച്ചത് പിജെ ജോസഫും കൊടിക്കുന്നിൽ സുരേഷും: തോമസ് കെ.തോമസ്