തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെ ആരോപണവുമായി കെ.ടി ജലീൽ നിയമസഭയിൽ. സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിന്‍റെതാണെന്ന് ജലീൽ ആരോപിച്ചു. നിയമസഭയിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് ആരോപണം.
പാലാരിവട്ടം പാലത്തിന്‍റെ ഓഹരി മലപ്പുറത്തും എത്തി. പാണക്കാട് കുടുംബത്തിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷിച്ച് എത്താൻ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും ജലീൽ പറഞ്ഞു.
Also read: പീഡനക്കേസ് പ്രതിയുടെ രാഷ്ട്രീയം മുഖ്യമന്ത്രി മറച്ചു വയ്ക്കുന്നു: വിഡി സതീശൻ
എൻആർഐ അക്കൗണ്ടിലാണ് മകന്‍റെ പേരിൽ നിക്ഷേപം ഉള്ളതെന്ന് ജലീലിന് മറുപടിയായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ജലീൽ തന്നെക്കുറിച്ച് അതുമിതും പറയുന്നത്. സഹകരണ ബാങ്കിൽ എൻആർഐ അക്കൗണ്ട് പാടില്ലെന്നുണ്ടോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ജലീലിന്‍റെ മുന്നിൽ രേഖകൾ ഹാജരാക്കേണ്ട കാര്യമില്ല. ആവശ്യമെങ്കിൽ എല്ലാ രേഖകളും സ്‌പീക്കർക്ക് നൽകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.