തിരുവനന്തപുരം : പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയ പെട്രോളിയം ഉത്പന്നങ്ങള്‍ നല്‍കുക വഴി വരുമാനം വർധിപ്പിക്കുന്നതിന് കെഎസ്‌ആർടിസി സംസ്ഥാനത്തുടനീളം പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.
കെഎസ്‌ആർടിസിയുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റുകൾ കൂടി ചേർത്താണ് ആരംഭിക്കുക. ഡീലർ കമ്മിഷനും സ്ഥലവാടകയും ഉൾപ്പെടെ ഉയർന്ന വരുമാനമാണ് ഇതിലൂടെ കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്. കെഎസ്‌ആർടിസിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
also read: പൊതുമേഖലയില്‍ ഏറ്റവും നഷ്ടം വരുത്തിയത് കെഎസ്ആർടിസിയെന്ന് സിഎജി
ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിൽ 100 ദിവസത്തിനകം പമ്പുകൾ തുടങ്ങും. മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകൾ തുടങ്ങും.
ഇതിനായി കെഎസ്‌ആർടിസിക്ക് സാമ്പത്തിക ബാധ്യത ഇല്ലെന്നും മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു.