തിരുവനന്തപുരം: വെള്ളനാട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്‌ടറെയും നാലംഗ സംഘം മര്‍ദിച്ചു. വെള്ളനാട് ഡിപ്പോയില്‍ നിന്നും കിഴക്കേകോട്ടയിലേയ്ക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്‌ച വൈകിട്ട് 4.15ന് വിളപ്പിൽശാല സിഎടി എഞ്ചിനീയറിങ് കോളജിന് സമീപമാണ് സംഭവം.
രണ്ട് ബൈക്കിലെത്തിയ നാലംഗ സംഘം ബസ് തടഞ്ഞ് നിര്‍ത്തി കണ്ടക്‌ടറെയും ഡ്രൈവറെയും ബസില്‍ നിന്നും വലിച്ചിറക്കി റോഡിലിട്ട് മര്‍ദിച്ചു. സൈഡ് കൊടുക്കാത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഹോണടിച്ചും അസഭ്യം പറഞ്ഞും ബസിന് പിറകില്‍ വന്ന സംഘം ചെറിയകൊണ്ണിയില്‍ വച്ച് ബസിന് കുറുകെ ബൈക്ക് നിര്‍ത്തി ആക്രമണം നടത്തുകയായിരുന്നു.
ജീവനക്കാരെ അസഭ്യം വിളിച്ച സംഘം കൈയിൽ താക്കോൽ തിരുകി മുഖത്തും വയറ്റിലും ഇടിച്ചു. ബസിലെ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നും ജീവനക്കാര്‍ക്ക് ക്രൂരമായി മര്‍ദനമേറ്റതായി വ്യക്തമാണ്. പരിക്കേറ്റ കണ്ടക്‌ടർ ഹരിപ്രേം, ഡ്രൈവര്‍ വി.കെ ശ്രീജിത്ത് എന്നിവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അക്രമികളായ നാലുപേരെ വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിൽ എടുത്തു. വട്ടിയൂർക്കാവ് സ്വദേശികളായ ഗോകുൽ, കാർത്തിക്, മുനീർ എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
പ്രതികളില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവര്‍ അരുവിക്കര, ആര്യനാട് മേഖലകളില്‍ കഞ്ചാവ് വിലപന സംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.