തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം വീണ്ടും പ്രതിസന്ധിയിൽ. ശമ്പള വിതരണത്തിനായി മുഴുവൻ തുകയും അനുവദിക്കാനാകില്ലെന്ന് ധനകാര്യ വകുപ്പ് നിലപാട് എടുത്തതോടെയാണ് ശമ്പളം മുടങ്ങിയത്. തൊഴിലാളികൾ പണിമുടക്കിയ രണ്ടു ദിവസത്തെ ശമ്പളം ഒഴിവാക്കി 68 കോടിയാണ് കെഎസ്ആർടിസി ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടത്.
31 കോടി കോർപ്പറേഷന്‍റെ കയ്യിലുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് 37 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ കോർപ്പറേഷന്‍റെ പക്കലുണ്ടായിരുന്ന 30 കോടി രൂപ രൂപ ബാങ്ക് കൺസോർഷ്യം ഇനത്തിൽ പിടിച്ചെടുത്തു. നിലവിൽ ഒരു കോടി മാത്രമേ കോർപ്പറേഷന്‍റെ പക്കലൊള്ളൂ. ഇതിനെ തുടർന്ന് കൂടുതൽ തുക ആവശ്യപ്പെട്ട് വീണ്ടും കെഎസ്‌ആർടിസി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
74 കോടി രൂപയാണ് ശമ്പളം വിതരണത്തിനായി കെഎസ്ആർടിസിക്ക് ഒരു മാസം വേണ്ടി വരുന്നത്. കഴിഞ്ഞമാസം 14നാണ് ഒക്ടോബർ മാസത്തെ ശമ്പളം കെഎസ്ആർടിസി വിതരണം ചെയ്‌തത്. അധികം വൈകാതെ ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു.
അതേസമയം, വിദ്യാർഥികളുടെ കൺസഷൻ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന് ആന്‍റണി രാജു വ്യക്തമാക്കി. എല്ലാവരുമായി വിശദമായി ചർച്ച ചെയ്‌തശേഷം മുഖ്യമന്ത്രിയെ കാണും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. പാവപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ കൺസഷൻ നൽകുന്നത് വിപ്ലവകരമായ തീരുമാനമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നിർദേശമെന്നും മന്ത്രി പറഞ്ഞു.