മതിയായ രേഖകളില്ലാതെ സർവീസ് നടത്തിയ കെഎസ്ആർടിസിയുടെ വാടക ബസുകൾ ആർടിഒ പിടിച്ചെടുത്തു. തിരുവനന്തപുരത്തു നിന്ന് ദീർഘദൂര സർവീസ് നടത്തിയിരുന്ന മൂന്ന് സ്കാനിയ ബസുകളാണ് പിടിച്ചെടുത്തത്. തിരുവനന്തപുരത്തു നിന്നുള്ള സ്കാനിയ സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.
പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്കാനിയ ബസ് കഴിഞ്ഞ ദിവസം ഈ റോഡിന് സമീപം അപകടത്തിൽപ്പെട്ടിരുന്നു. രേഖകൾ പരിശോധിച്ച ഗതാഗതവകുപ്പ് ബസിന് മതിയായ രേഖകൾ ഇല്ലെന്ന് കണ്ടെത്തി. സുശീൽ ഖന്നയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുന്ന സ്വകാര്യ കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ഗതാഗതവകുപ്പ് അധികൃതർ കെഎസ്ആർടിസിക്കു വേണ്ടി വാടകയ്ക്ക് സർവീസ് നടത്തുന്ന മറ്റ് ബസുകളും പരിശോധിച്ചു. പരിശോധനയിൽ മതിയായ രേഖകളില്ലാത്ത മൂന്ന് സ്കാനിയ ബസുകൾ ആർടിഒ പിടിച്ചെടുത്തു. ടാക്സ്, ഇൻഷുറൻസ് അടക്കമുള്ള പ്രധാന രേഖകളില്ലാതെയാണ് സർവീസ് നടത്തിയതെന്ന് കണ്ടെത്തി. ഇതോടെ ഇന്നലെ തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ടിയിരുന്ന ബാംഗ്ലൂർ സർവീസും മൂകാംബിക സർവീസും റദ്ദാക്കി . സർവീസുകൾ മുടങ്ങാതിരിക്കാൻ പകരം ബസ് ഏർപ്പെടുത്തണമെന്ന കരാർ സ്വകാര്യ കമ്പനി പാലിച്ചില്ല. ഇതോടെ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്രക്കാർ ബുദ്ധിമുട്ടിലായി. ഓരോ സർവീസിനും ഒരു ലക്ഷം രൂപയോളം കളക്ഷൻ ഉണ്ടായിരുന്ന സർവീസുകൾ റദ്ദുചെയ്തത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് തിരിച്ചടിയാകും.