തിരുവനന്തപുരം: കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി. ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടികാട്ടി 6.72 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി നോട്ടീസ് അയച്ചു. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കുമാര്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തുവെന്നാണ് നോട്ടീസില്‍ പറയുന്നത്.
48,640 കി.മീ. സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ഇതിന് 6,72,560 രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസ്. 10 ദിവസത്തിനകം തൃപ്‌തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഈ തുക 12 ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് പിടിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
പോര് മുറുകുന്നു: കെഎസ്ഇബിയിലെ ചെയര്‍മാന്‍ ബി അശോകും ഓഫിസേഴ്‌സ് അസോസിയഷനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് എം.ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി. വൈദുതി ഭവന്‍ വളയല്‍ സമരം നടന്ന ദിവസമാണ് നോട്ടീസ് ഇറങ്ങിയത്. പ്രശ്‌ന പരിഹാരത്തിന്‍റെ ഭാഗമായി ബുധനാഴ്‌ച നടന്ന ചര്‍ച്ചയില്‍ പ്രതികാര നടപടിയുണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നോട്ടീസ്.
സുരേഷ്‌കുമാര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് ഉപയോഗിച്ച് വാഹനത്തിലെ യാത്ര വിവരങ്ങള്‍ മുഴുവന്‍ പരിശോധിച്ച ശേഷമാണ് നടപടിയിലേക്ക് കടന്നിരിക്കുന്നത്. സുരേഷ് കുമാര്‍ നാട്ടിലേക്കുള്ള സ്വകാര്യ ആവശ്യത്തിനകം ഈ വാഹനം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. നിലവില്‍ നോട്ടീസാണ് നല്‍കിയിരിക്കുന്നത്. സുരേഷ് കുമാറിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി സ്വീകരിക്കുക.
Also read: അച്ചടക്ക നടപടിയില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം ; കെ.എസ്.ഇ.ബിയില്‍ വൈകാതെ പ്രശ്നപരിഹാരമെന്ന് മന്ത്രി