തിരുവനന്തപുരം: കെഎസ്‌ഇബി ചെയര്‍മാന്‍റെ ഓഫിസിനു മുന്നിലെ എസ്‌ഐഎസ്‌എഫ് സുരക്ഷ ഒഴിവാക്കും. തന്‍റെ ഓഫിസിനു മുന്നില്‍ സുരക്ഷ വേണ്ടെന്ന് അറിയിച്ച് കെഎസ്‌ഇബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ എസ്‌ഐഎസ്‌എഫ് കമാന്‍ഡര്‍ക്ക് കത്ത് നല്‍കി. ഓഫിസിനു മുന്നിലെ സുരക്ഷ ഒഴിവാക്കുകയെന്ന ഇടതു യൂണിയനുകളുടെ പ്രധാന ആവശ്യമാണ് പുതിയ ചെയര്‍മാന്‍ നടപ്പാക്കിയത്.
മുന്‍ ചെയര്‍മാന്‍ ബി അശോക് തന്‍റെ ഓഫിസിനു മുന്നില്‍ നിയോഗിച്ച എസ്‌ഐഎസ്‌എഫ് സുരക്ഷയാണ് പുതിയ ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ ഒഴിവാക്കിയത്. ഇതനുസരിച്ച് നാളെ മുതല്‍ ചെയര്‍മാന്‍റെ ഓഫിസിനു മുന്നില്‍ സുരക്ഷ ഉണ്ടാകില്ല. ഫെബ്രുവരി 12 നാണ് മുന്‍ ചെയര്‍മാന്‍ ബി അശോക് 27 എസ്‌ഐഎസ്‌എഫ് സുരക്ഷ ജീവനക്കാരെ കെഎസ്‌ഇബി ആസ്ഥാനത്ത് നിയോഗിച്ചത്.
പിന്നീട് 12 പേരായി കുറച്ചു. ചെയര്‍മാന്‍റെ ഓഫിസിലേക്ക് കെഎസ്‌ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടെ ഓഫിസിനു മുന്നിലും സുരക്ഷ ഏര്‍പ്പെടുത്തി. ഇതിനെതിരെ കെഎസ്‌ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ വലിയ പ്രതിഷേധം നടത്തിയെങ്കിലും ബി അശോക് സുരക്ഷ ഒഴിവാക്കിയിരുന്നില്ല.
നിലവില്‍ പുതിയ ചെയര്‍മാന്‍റെ തീരുമാനം ഇടതു യൂണിയനുകള്‍ക്ക് വഴങ്ങുന്നതാണെന്നാണ് ആക്ഷേപം. പുതിയ തീരുമാനത്തോടെ എസ്‌ഐഎസ്‌എഫിന്‍റെ സുരക്ഷ ഡേറ്റാ സെന്‍ററിലും ലോഡ് ഡെസ്‌പാച്ച് സെന്‍ററിലും മാത്രമാകും. ബോര്‍ഡിന് കീഴിലെ 15 ഡാമുകളില്‍ എസ്‌ഐഎസ്‌എഫ് സുരക്ഷ വേണമെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് നടപ്പാക്കുന്നതും നിലവില്‍ അനിശ്ചിതത്വത്തിലാണ്.