തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാൻ രാജിവയ്‌ക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രി മിണ്ടാതിരുന്നാൽ സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. സ്വയം രാജി വച്ചില്ലെങ്കിൽ സിപിഎം പുറത്താക്കണം. സജി ചെറിയാനെ മുഖ്യമന്ത്രി പുറത്താക്കിയില്ലെങ്കിൽ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും.
ഭരണഘടനയിൽ കുന്തവും കുടചക്രവും എന്ന് പറയുന്നത് ഒരു മന്ത്രിയാണ്, ഇത് വിമർശനമല്ല അധിക്ഷേപമാണ്. സജി ചെറിയാന്‍റെ കുന്തവും കുടചക്രവും പിണറായിയും ജയരാജനുമായിരിക്കും. കമ്മ്യൂണിസ്റ്റുകാർ ഭരണഘടനയെ അപമാനിക്കുന്നതാണ് ചരിത്രം.
ചൈനയുമായുള്ള അതിർത്തി തർക്കങ്ങളിൽ ചൈനക്കൊപ്പമാണ് സിപിഎമ്മിന്‍റെ നിലപാട്. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കാത്തവർ ഭരണ രംഗത്ത് നിന്ന് മാറിനിൽക്കണം. രാജ്യത്തോട് കൂറില്ലാതെ ഭരണഘടനയെ തള്ളിപ്പറയുന്ന സിപിഎം രാജ്യം വിട്ടുപോകുകയാണ് വേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.
Also read: 'ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന' വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍