തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷമുള്ള ആദ്യ രാഷ്‌ട്രീയകാര്യസമിതി യോഗം ബുധനാഴ്‌ച ചേരും. പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വൈകിട്ട് 3 മണിക്കാണ് യോഗം. ഡിസിസി പ്രസിഡന്‍റുമാരുടെ മാറ്റവും കെപിസിസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച വിഷയം.
സമ്പൂര്‍ണ അഴിച്ചുപണി
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസികളില്‍ സമ്പൂര്‍ണ അഴിച്ച് പണിക്കാണ് കെ സുധാകരന്‍ ഉദ്ദേശിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ അഭിപ്രായം കൂടി കേട്ട ശേഷമായിരിക്കും ഡിസിസി പ്രസിഡന്‍റ് നിയമനമെങ്കിലും 14 ജില്ലകളിലും പൂര്‍ണമായി ഗ്രൂപ്പടിസ്ഥാനത്തില്‍ വീതം വയ്ക്കുന്ന പതിവു രീതി ഇത്തവണയുണ്ടാകില്ല. മെറിറ്റിന് തന്നെയായിരിക്കും മുന്‍തൂക്കമെന്ന് സുധാകരന്‍ വ്യക്തമാക്കി കഴിഞ്ഞു.
Read more: കെ.പി.സി.സി അദ്ധ്യക്ഷ ചുമതലയേറ്റ് കെ സുധാകരന്‍
വീതം വയ്പ്പില്ല
കെപിസിസിക്ക് പരമാവധി 25 ഭാരവാഹികള്‍ എന്നതില്‍ സുധാകരന്‍ ഉറച്ചു നില്‍ക്കുകയാണ്. 150 പേരെ കുത്തി നിറച്ചുള്ള ജംബോ കമ്മിറ്റികള്‍ പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്ന അഭിപ്രായവും പുതിയ അധ്യക്ഷനുണ്ട്. ഇക്കാര്യത്തിലും പൂര്‍ണമായി ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വയ്പ്പിന് ഇത്തവണ സാധ്യത കുറവാണ്.
കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് ക്രിയാത്മക പിന്തുണ നല്‍കുമ്പോള്‍ത്തന്നെ സര്‍ക്കാരിന്‍റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അതിശക്തമായി രംഗത്തിറങ്ങണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാണ്. ഇക്കാര്യത്തിലുള്ള തീരുമാനവും യോഗത്തിലുണ്ടാകും.