തിരുവനന്തപുരം : കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി അന്തിമ പട്ടിക ചൊവ്വാഴ്‌ച ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു.യു രാജീവന്‍ മാസ്റ്റര്‍, എം പി വിന്‍സന്‍റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് ഇളവ് നല്‍കില്ല. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം എന്നിവ ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.
തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍മാരായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതി പറഞ്ഞതോടെയാണ് പട്ടിക വൈകാന്‍ ഇടയായത്.
കൂടാതെ എം പി വിന്‍സെന്‍റ്, യു രാജീവന്‍ മാസ്റ്റര്‍ എന്നിവരെ പട്ടികയിലുള്‍പ്പെടുത്തുന്നതില്‍ തര്‍ക്കം മുറുകി. കുറഞ്ഞകാലം മാത്രം ഡിസിസി അധ്യക്ഷ പദവിയിലിരുന്ന ഇരുവരെയും കെപിസിസി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് തര്‍ക്കമുണ്ടായത്.
ഇവര്‍ക്ക് വേണ്ടി മാത്രം ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഉറച്ച നിലപാട് സ്വീകരിച്ചു. ഇതോടെ ഇരുവരുമില്ലാത്ത പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു.
ALSO READ : വി എം കുട്ടി അന്തരിച്ചു ; വിടവാങ്ങിയത് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗായകന്‍
അതേസമയം കെപിസിസി പുനസംഘടനയില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത് എത്തി. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നുമായിരുന്നു വേണുഗോപാലിന്‍റെ പ്രതികരണം.