തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കെ.പി അനിൽകുമാറിന് പിന്നാലെ മറ്റൊരു കെ.പി.സി.സി ജനറല്‍സെക്രട്ടറിയായ ജി.രതികുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നു.
കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന് രാജിക്കത്ത് നല്‍കിയതിനുപിന്നാലെ അദ്ദേഹം എ.കെ.ജി സെന്‍ററിലെത്തി. ഡിസിസി പുനസംഘടനയിലടക്കം തികഞ്ഞ അതൃപ്തിയിലായിരുന്നു രതികുമാര്‍.
കൊട്ടാരക്കര എം.എല്‍.എയും ധനമന്ത്രിയുമായ കെ.എന്‍ ബാലഗോപാല്‍ വഴിയാണ് അദ്ദേഹം സിപിഎമ്മിലേക്ക് പാലമിട്ടതെന്നാണ് സൂചന. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പിനും പിന്നാലെയും കോണ്‍ഗ്രസ് വിടുന്നവരുടെ പട്ടികയില്‍ ഏഴാമനായി രതികുമാര്‍ മാറി.
കൊട്ടാരക്കര ചെങ്ങമ്മനാട് സ്വദേശിയായ രതികുമാര്‍ കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെ.പി.സി.സി സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
2005ല്‍ കെ.കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡി.ഐ.സിയിലെത്തിയ രതികുമാര്‍ ഡി.ഐ.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ഡി.ഐ.സി, എന്‍.സി.പിയില്‍ ലയിച്ചപ്പോള്‍ എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
മികച്ച കെ.എസ്.യു സംഘടനാപ്രവര്‍ത്തകന് എ.ഐ.സി.സി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട് രതികുമാര്‍. സംഘടനാരംഗത്ത് സജീവമായിട്ടും പാര്‍ലമെന്‍ററി രംഗത്തേക്ക് പാര്‍ട്ടി പരിഗണിക്കാത്തതില്‍ രതികുമാര്‍ തികഞ്ഞ പ്രതിഷേധത്തിലായിരുന്നു.
ALSO READ: കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച കെ.പി അനിൽ കുമാർ സിപിഎമ്മില്‍
5 വര്‍ഷം കെ.പി.സി.സി ഭാരവാഹിത്വം വഹിച്ചവരെ വീണ്ടും പരിഗണിക്കേണ്ടെന്ന ധാരണയില്‍ മുതിര്‍ന്ന നേതാക്കളെത്തുക കൂടി ചെയ്ത സാഹചര്യത്തിലാണ് തിരക്കിട്ട് രതികുമാറിന്‍റെ രാജിയെന്നാണ് സൂചന.