തിരുവനന്തപുരം: തുടർ ഭരണത്തിനായി ഒരുങ്ങാൻ അണികളോട് നിർദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ ആഹ്വാനം. മികച്ച രീതിയിലാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ പ്രത്യേക രാജ്യം പോലെയാണ് കേരളത്തെ വിദഗ്ധരും വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നത്. പുതിയൊരു ഭരണ സംസ്കാരമാണ് എൽഡിഎഫ് സർക്കാർ നാടിന് നൽകിയിരിക്കുന്നത്. ചോര കളിയില്ലാത്ത കേരളം സൃഷ്ടിച്ചു. രാഷ്ട്രീയ കൊലപാതങ്ങൾ ഒഴിവാക്കി സമാധാന അന്തരീക്ഷം കേരളത്തിൽ സ്ഥാപിക്കാൻ സർക്കാരിന് കഴിഞ്ഞതായും ലേഖനത്തിൻ അവകാശപ്പെടുന്നു.
അഴിമതി രഹിതമാണ് സർക്കാർ. കോൺഗ്രസിനെയും ബിജെപിയുടെയും പരിഹാസത്തിനും ആക്ഷേപത്തിനും വഴങ്ങാതെയാണ് സർക്കാർ വളരുന്നത്. കൊവിഡ് കാലത്ത് പോലും മനസാക്ഷിക്കുത്ത് ഇല്ലാതെയാണ് പ്രതിപക്ഷം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ഇതിനെയെല്ലാം മറികടന്നാണ് സർക്കാർ പ്രവർത്തിക്കുന്നത്. ജാതി മത സമുദായ ശക്തികൾ കേരളത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയിൽ അറുതിവരുത്താനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കൈയിലെ കെട്ടും നെറ്റിയിലെ പൊട്ടും ഭയപ്പെടുത്തുന്ന ചിഹ്നങ്ങളാക്കുന്ന രീതിക്ക് കേരളത്തിൽ മാറ്റം വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള സർക്കാർ തുടരണമെന്ന് കേരളത്തിൽ ഓരോ മനുഷ്യരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരുന്ന പ്രാദേശിക നിയമസഭാ തെരഞ്ഞെടുപ്പുകൾ സിപിഎമ്മിന് അനുകൂലമാക്കാനുള്ള പ്രവർത്തനം സംഘടിപ്പിക്കണം.
അഞ്ച് വർഷം കൂടുമ്പോഴും ഭരണമാറ്റമെന്ന മനസുള്ളവരാണ് കേരളത്തിലെ ഒരു വിഭാഗം. അവരെ അടക്കം കൂടെ നിർത്തി ഭരണം തുടരാനുള്ള ജാഗ്രത പാർട്ടി പ്രവർത്തകർ കാണിക്കണം. ജനസമ്പർക്കം ശക്തിപ്പെടുത്തണമെന്നും കോടിയേരി പ്രവർത്തകരോട് ലേഖനത്തിൽ ആഹ്വാനം ചെയ്തു. യുഡിഎഫ് പ്രതിസന്ധിയിലാണ്. മതനിരപേക്ഷത രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാൻ തയാറാക്കുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായി ചർച്ച നടത്താണ സിപിഎം സന്നദ്ധമാണെന്നും ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുന്നു.