തിരുവനന്തപുരം: ഒരു മാധ്യമത്തേയും നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമം ദിനപത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.ടി ജലീല്‍ യുഎഇ കോണ്‍സുലേറ്റിന് കത്തയച്ചത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
ജലീല്‍ കത്തയച്ചത് പാര്‍ട്ടിയുമായി ആലോചിച്ചില്ല. സ്വന്തം നിലയിലാണ് കത്തയച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍സുലേറ്റിന് കത്തയച്ച ജലീലിന്‍റെ നടപടി പ്രോട്ടോക്കോള്‍ ലംഘനമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന് നടപടിയെടുക്കാമെന്നും കോടിയേരി വ്യക്തമാക്കി.
എകെജി സെന്‍റര്‍ അക്രമണമണത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. ഈ സംഭവത്തിന്‍റെ പേരില്‍ സിപിഎമ്മിനെ ആക്രമിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ചില പേരുകള്‍ ഉയര്‍ത്തി ആരോപണം സജീവമാക്കാനാണ് ശ്രമം. പൊലീസ് അന്വേഷണത്തില്‍ ശരിയായ പ്രതിയെ കണ്ടെത്തുമെന്നും കോടിയേരി പറഞ്ഞു.
ഇ.പി ജയരാജനെതിരായ വിമാന കമ്പനിയുടെ നടപടി ശരിയായ രീതിയില്‍ കാര്യങ്ങല്‍ പരിശോധിച്ചുള്ളതല്ല. മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ തടഞ്ഞതിന്‍റെ പേരില്‍ സുരക്ഷ ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന ആവശ്യം ശരിയല്ലെന്നും കോടിയേരി പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ട് കണ്ടെത്താന്‍ കഴിയില്ല. സിപിഎം എംഎല്‍എമാര്‍ അങ്ങനെ ചെയ്യില്ല. സംശയത്തിന്‍റെ പേരില്‍ ആര്‍ക്കെതിരെയും ആരോപണമുന്നയിക്കാനില്ലെന്നും കോടിയേരി പറഞ്ഞു.