തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി. മുരളീധരന്‍റെ കഴിഞ്ഞ ദിവസത്തെ സത്യാഗ്രഹവും തുടര്‍ച്ചയായ പ്രസ്താവനകളും സ്വര്‍ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണെന്ന് കോടിയേരി ആരോപിച്ചു. ഇത് പരസ്യമായ സത്യാപ്രതിജ്ഞാ ലംഘനമാണ്. കേന്ദ്ര ഏജന്‍സികളായ എന്‍ഐഎയും കസ്റ്റംസുമാണ് ഈ കേസ് അന്വേഷിക്കുന്നത്. അങ്ങനെയൊരു കേസില്‍ കേന്ദ്രമന്ത്രി തന്നെ പ്രത്യക്ഷ സമരത്തില്‍ വരുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. യഥാര്‍ഥത്തില്‍ ആഭ്യന്തര മന്ത്രിയിലും ധനമന്ത്രിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ് വി. മുരളീധരന്‍ ചെയ്തിരിക്കുന്നത്. എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിന്‍റെയും കസ്റ്റംസ് ധനമന്ത്രാലയത്തിന്‍റെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
വിദേശ സഹമന്ത്രിയായ മുരളീധരന്‍ സത്യാഗ്രഹം നടത്തിയതിലൂടെ കൂട്ടുത്തരവാദിത്തവും ലംഘിച്ചിരിക്കുന്നു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മുരളീധരന് അവകാശമില്ല. മുരളീധരന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഈ കേസിന്‍റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. മുരളീധരന്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ തയാറാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ പ്രധാനമന്ത്രി തയാറാകണം. മുരളീധരന്‍ മന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസത്തെ എന്‍ഐഎയുടെ വാര്‍ത്താകുറിപ്പില്‍ പ്രതിഫലിക്കുന്നത്.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു. കേസിന്‍റെ തുടക്കം മുതല്‍ കഴിഞ്ഞ ദിവസം വരെ നയതന്ത്ര ബാഗേജല്ലെന്ന് ആവര്‍ത്തിച്ച മുരളീധരനെയാണ് എന്‍ഐഎ പരസ്യമായി തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വിളിച്ചു എന്ന നുണ പറഞ്ഞ സുരേന്ദ്രനെ തിരുത്തിയ കസ്റ്റംസ് ഓഫിസറെ സ്ഥലം മാറ്റിയതുപോലെ മുരളീധരനെ തിരുത്തിയ എന്‍ഐഎ സംഘത്തെ മാറ്റുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണം വഴി തിരിക്കാന്‍ ശ്രമിച്ച മുരളീധരനെ ചോദ്യം ചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു.