തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതിയായ കെ ഫോൺ (കേരള ഫൈബര്‍ ഒപ്‌ടിക് നെറ്റ്‌വര്‍ക്ക്) ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പാക്കുന്ന കൺസോർഷ്യത്തിന് നേതൃത്വം നൽകുന്ന ബിഇഎല്‍ (ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്) ഇക്കാര്യം ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് പദ്ധതിയുടെ പ്രവർത്തികൾ രണ്ടു മാസം മുടങ്ങിയിരുന്നു. 1500 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണനിലവാരമുള്ള ഇന്‍റർനെറ്റ് എത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങൾക്കും ഇതുവഴി ഇന്‍റർനെറ്റ് ലഭ്യമാക്കും. രാജ്യത്തെ ഏറ്റവും ശക്തമായ ഇന്‍റര്‍നെറ്റ് ശൃംഖലയായിരിക്കും കെ ഫോൺ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് പദ്ധതി ഉത്തേജനമാകും.
കൊവിഡിന് ശേഷം ലോകത്തെ പ്രധാന വ്യവസായ, വിദ്യാഭ്യാസ, ടൂറിസം കേന്ദ്രമായി കേരളത്തെ വികസിപ്പിക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങൾക്ക് കെ ഫോൺ പദ്ധതി പിന്തുണയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കെ എസ് ഇ ബി യും ചേർന്നാണ് പദ്ധതി ജനങ്ങളിലെത്തിക്കുന്നത്. കെ എസ് ഇ ബി ലൈനുകൾ വഴിയാണ് ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഉപഭോക്താക്കളിലെത്തിക്കുന്നത്