തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ തുറന്ന ദിവസത്തെ നിയമസഭാ സമ്മേളനത്തിലും നിറഞ്ഞത് ഡാം വിഷയം. മുല്ലപ്പെരിയാർ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ധനവകുപ്പുമായി ബന്ധപ്പെട്ട ബില്ലുകളുടെ ചര്‍ച്ചയ്ക്കിടെയായിരുന്നു രാഷ്ട്രീയ ഏറ്റുമുട്ടൽ.
ഡാമിന്‍റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ഉപയോഗിച്ചെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ കോടതി വിധി സര്‍ക്കാര്‍ നിലപാട് കൊണ്ടാണെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ നിലപാട്.
ചർച്ചയ്ക്ക് തിരികൊളുത്തി കെ ബാബു
ബില്ലിന്‍മേല്‍ ചര്‍ച്ച തുടങ്ങിയ കെ ബാബുവാണ് മുല്ലപ്പെരിയാര്‍ വിഷയം എടുത്തിട്ടത്. നിയമപരവും രാഷ്ട്രീയപരവുമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി കൂടുതല്‍ മെച്ചപ്പെട്ട ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കി.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന സഭയിലെ മുഖ്യമന്ത്രിയുടെ നിലപാട് കോടതിയില്‍ തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കൂടാതെ രേഖകള്‍ സര്‍ക്കാര്‍ കൃത്യസമയത്ത് നല്‍കിയില്ലെന്നും ചെന്നിത്തല ആരോപിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ നിലപാട് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മന്ത്രി പി രാജീവ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കി. ജലനിരപ്പ് 142 ല്‍ നിന്ന് 139 ആക്കിയ കോടതി ഉത്തരവ് സര്‍ക്കാര്‍ നിലപാട് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ALSO READ : മുല്ലപ്പെരിയാര്‍ ഡാം തുറന്നു; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്
അതേസമയം നെയ്യാറില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനുള്ള കഴിഞ്ഞ പിണറായി സര്‍ക്കാറിന്‍റെ തീരുമാനം നയതന്ത്രപരമായ വിഡ്ഢിത്തമായിരുന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കുറ്റപ്പെടുത്തി. ചരക്ക് സേവന നികുതിയിലാണ് ചര്‍ച്ചയെന്ന് ഓര്‍മിപ്പിച്ച ഡെപ്യൂട്ടി സ്പീക്കറോട് കേരളമുണ്ടെങ്കിലേ നികുതിയുള്ളൂ എന്നായിരുന്നു തിരുവഞ്ചൂരിന്‍റെ മറുപടി.