തിരുവനന്തപുരം: ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ അഴിമതി സംബന്ധിച്ച എല്‍ഡിഎഫിന്‍റെ ഇതുവരെയുള്ള നിലപാടുകള്‍ പൊള്ളയായിരുന്നു എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിണറായി സര്‍ക്കാര്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ലോകായുക്തയെ ശക്തിപ്പെടുത്തിയ ചരിത്രമാണ് യുഡിഎഫിനുള്ളത്. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ 117 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ലോകായുക്തയുടെ കീഴിലാക്കിയതാണ് വിപ്ലവകരമായ മാറ്റമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്‍ററും ഐ.എച്ച്.ആര്‍.ഡിയും മാത്രമായിരുന്നു ലോകായുക്തയുടെ പരിധിയില്‍ അതുവരെ ഉണ്ടായിരുന്നത്. 2011ല്‍ അധികാരമൊഴിയുന്നതിന് തൊട്ടു മുമ്പാണ് പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങളോടെ ഐ.എച്ച്.ആര്‍.ഡിയെ ലോകായുക്തയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
അഴിമതിക്കെതിരെ കുരക്കാൻ മാത്രമല്ല ആവശ്യമെങ്കിൽ കടിക്കാനും കഴിയുന്ന സംവിധാനമാണ് ലോകായുക്തയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്‌താവന യുഡിഎഫ് സര്‍ക്കാര്‍ ലോകായുക്തയെ ശക്തിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.