തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (01-08-21) മുതൽ പ്രളയ സെസ് ഇല്ല. സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. ഗൃഹോപകരണങ്ങൾ അടക്കം വിലയേറിയ ഉല്‍പ്പന്നങ്ങൾക്കെല്ലാം ഇതോടെ നേരിയ തോതിൽ വില കുറയും.
കേരള പുനര്‍നിര്‍മാണത്തിനായി സെസ്
പ്രളയത്തെ തുടർന്ന് തകർന്ന കേരള പുനർനിർമാണത്തിന് പണം കണ്ടെത്താൻ വേണ്ടിയാണ് 2019 ഓഗസ്റ്റ് ഒന്ന് മുതൽ രണ്ട് വർഷത്തേക്ക് ഉല്‍പ്പന്നങ്ങൾക്ക് മേൽ ഒരു ശതമാനം പ്രളയ സെസ് സർക്കാർ ഏർപ്പെടുത്തിയത്. അഞ്ച് ശതമാനത്തിന് മുകളിൽ ജിഎസ്‌ടി നിരക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ചുമത്തിയത്.
വില കുറയുന്നത് ഈ ഉല്‍പ്പന്നങ്ങള്‍ക്ക്
സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനം സെസും ചുമത്തിയിരുന്നു. 1,700 കോടിയോളം രൂപ ഇതിലൂടെ സർക്കാരിന് ലഭിച്ചു. സെസ് ഒഴിവാകുന്നതോടെ കാർ, ഇരുചക്രവാഹനങ്ങൾ, റഫ്രിജറേറ്റർ, ടെലിവിഷന്‍, മൊബൈൽ ഫോൺ, വാഷിങ് മെഷീൻ തുടങ്ങിയവയുടെ വില കുറയും.
Read more: പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍