തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാലത്തെ നേരിടാന്‍ ഒന്നുമില്ലാത്ത നിരാശപ്പെടുത്തുന്ന ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുളള പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. കേരളത്തിന്‍റെ ഒരു ആവശ്യവും ബജറ്റില്‍ പരിഗണിച്ചില്ല. എയിംസ് എന്ന വര്‍ഷങ്ങളുടെ ആവശ്യം ഇത്തവണയും അവഗണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌തിരിക്കുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു.
സാധാരണക്കാരന് തൊഴില്‍ നല്‍കാന്‍ പദ്ധതിയൊന്നുമില്ല. കാര്‍ഷിക മേഖലയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ വിഹിതം പോലും മാറ്റി വച്ചിട്ടില്ല. ഭക്ഷ്യ സപ്ലെയ്ക്കും കൊവിഡ് വാക്‌സിനും മാറ്റിവച്ച തുക വളരെ കുറവാണ്. പൊതുമേഖലയില്‍ പദ്ധതികള്‍ വന്നാല്‍ മാത്രമേ സാധാരണക്കാരന് ഗുണം ലഭിക്കുകയുള്ളു. സഹകരണ മേഖലയില്‍ നികുതിയില്‍ ചെറിയ കുറവ് മാത്രമാണ് വരുത്തിയത്. ഈ മേഖലയില്‍ നികുതി ഏര്‍പ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ജി.എസ്.ടി നഷ്‌ടപരിഹാരത്തിന്‍റെ സംസ്ഥാനങ്ങളുടെ ആവശ്യം തൊട്ടിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് രണ്ട് ലക്ഷം കോടിയെന്ന് പറയുമ്പോള്‍ കേരളത്തിന് ലഭിക്കുക 2000 കോടിക്കടുത്ത് മാത്രമാണ്. പ്രവാസികള്‍ക്കായി ആവശ്യപ്പെട്ട പ്രത്യേക പാക്കേജ് പരിഗണിച്ചില്ല. തോട്ടം മേഖലയ്ക്ക് സഹായം ആവശ്യപ്പെട്ടിരുന്നു. അതും പരിഗണിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ധന വില വര്‍ധിപ്പിക്കുമെന്ന സൂചനയും ബജറ്റില്‍ പറയുന്നതായി ധനമന്ത്രി വ്യക്തമാക്കി. രണ്ട് രൂപ വീതം പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഒക്ടോബറിന് ശേഷമാണ് ഈ നികുതി വര്‍ധന എന്ന പ്രഖ്യാപനം വ്യക്തമാക്കുന്നത് യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം വില വര്‍ധന എന്നതാണെന്നും ധനമന്ത്രി ആരോപിച്ചു.
READ MORE: Union Budget 2022 : കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കാർഷിക ആനുകൂല്യങ്ങൾ