തിരുവനന്തപുരം: തിങ്കളാഴ്‌ച മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സ്‌കൂളുകളുടെ പ്രവര്‍ത്തനം. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്‌ച മുതല്‍ ഭാഗികമായി ആരംഭിക്കുന്നത്. ഇതിനു വേണ്ട മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പട്ട് നേരത്തെ പുറപ്പെടുവിച്ച മാര്‍ഗരേഖ തന്നെ പിന്തുടരാനാണ് തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി യോഗം വിളിച്ചിരുന്നു. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്താനാണ് തീരുമാനം. പ്ലസ് ടു വിഎച്ച്എസ്‌സി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 ന് ആരംഭിക്കും. 21 വരെയാണ് പരീക്ഷ.
പത്താംക്ലാസ് മോഡല്‍ പരീക്ഷ 21ന് തുടങ്ങി 25ന് അവസാനിക്കും. പരീക്ഷക്ക് മുന്‍പ് പാഠഭാഗങ്ങല്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കൊപ്പം അങ്കണവാടികളും ശിശുപരിപാലന കേന്ദ്രങ്ങളായ ക്രഷുകളും തിങ്കളാഴ്‌ച മുതല്‍ ആരംഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തുടര്‍ന്ന് 2020 ഏപ്രില്‍ അടച്ച ക്രഷുകളാണ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്ത്, പ്ലസ്ടു ക്ലാസുകള്‍ നേരത്തെ ആരംഭിച്ചിരുന്നു.
READ MORE: കൊവിഡ് വ്യാപന തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് ഉത്സവ നടത്തിപ്പിന് ഇളവുകള്‍