തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതിനിടെ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ അടിമുടി അഴിച്ചുപണിക്കൊരുങ്ങി സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കൂടുതൽ ഉള്ള പ്രദേശങ്ങൾ പൂർണമായി അടച്ചിട്ട് മറ്റിടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകും.
കടകളിലെ ജീവനക്കാരെ എല്ലാ ആഴ്‌ചയിലും പരിശോധിച്ച് രോഗവ്യാപനം പിടിച്ചുനിർത്തും. ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന വാരാന്ത്യ ലോക്ക്ഡൗൺ മാറ്റിയേക്കും.
ഇതുസംബന്ധിച്ച് പുതുക്കിയ കൊവിഡ് പ്രോട്ടോകോൾ വിദഗ്‌ധ സമിതി മുഖ്യമന്ത്രിക്ക് കൈമാറും. അതേസമയം ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.
READ MORE: വാരാന്ത്യ ലോക്ക്ഡൗണില്‍ സംസ്ഥാനം ; സ്‌റ്റുഡിയോകള്‍ തുറക്കാം
കൊവിഡ് പോസിറ്റീവ് ആകുന്നവരെ നിരീക്ഷണ കേന്ദ്രത്തിലാക്കി ചികിത്സിക്കാനും ആലോചിക്കുന്നുണ്ട്. നേരത്തേ ഉണ്ടായിരുന്ന സമ്പർക്ക പട്ടികയും കർശനമായി പരിശോധിക്കും. വിവിധ ഇടങ്ങളിൽ കൊവിഡ് പരിശോധനാസംവിധാനം വിപുലപ്പെടുത്തി പ്രതിദിനം പരിശോധന രണ്ട് ലക്ഷമായി കൂട്ടാനാണ് ആലോചന.
പുതുക്കിയ പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നാളെയോടെ ചീഫ് സെക്രട്ടറി തലത്തിൽ പരിശോധിച്ച് മുഖ്യമന്ത്രിക്ക് കൈമാറും.
ചൊവ്വാഴ്‌ച ചേരുന്ന അവലോകന യോഗശേഷം മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കും. സർക്കാരിന്‍റെ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ സമ്മർദത്തിലായത്.