തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതമാക്കാന്‍ ഓര്‍ഡിനന്‍സുമായി സംസ്ഥാന മന്ത്രിസഭ. ഇതിനായി 2019ലെ കേരള സൂക്ഷ്മ ചെറുകിട-ഇടത്തരം-വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഓര്‍ഡിനന്‍സാണ് പുറപ്പെടുവിക്കുക. ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് അപേക്ഷ ഏഴു ദിവസം കൊണ്ട് തീര്‍പ്പാക്കുന്നതിനാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുള്ളത്. ലൈസന്‍സ് ലഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സംരംഭകര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. കരടു ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.
അടുത്ത നിയമസഭ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് ബില്ലായി അവതരിപ്പിക്കും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങില്‍ കേരളത്തിന് 28-ാം സ്ഥാനമാണുള്ളത്. ഡി.പി.ഐ.ഐ.ടി സെപ്റ്റംബര്‍ അഞ്ചിനാണ് കണക്ക് പുറത്തു വിട്ടത്. ആന്ധ്രാപ്രദേശാണ് ഒന്നാം സ്ഥാനത്തുള്ളത്. 2001-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളം 20-ാം സ്ഥാനത്തായിരുന്നു. ഈ സാഹചര്യത്തിലാണ് വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.