തിരുവനന്തപുരം: ഹരിത വിവാദം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം. രാഷ്‌ട്രീയ പാർട്ടികൾക്ക് ഉള്ളിലെ പ്രശ്‌നം സഭയിൽ ഉന്നയിക്കരുതെന്ന് പ്രതിപക്ഷം വാദിച്ചു. സ്‌ത്രീവിരുദ്ധ നിലപാടുകളിൽ നിന്ന് രാഷ്‌ട്രീയനേതൃത്വം മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാഷ്‌ട്രീയ പാർട്ടികളിലെ പ്രശ്‌നങ്ങൾ ചോദ്യോത്തരവേളയിൽ ചേർത്തതിന് പ്രതിപക്ഷത്തിന്‍റെ എതിർപ്പ്
സ്‌ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധിച്ചതിന് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നേതൃത്വം പരാതിക്കാരിക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് പരാമർശിച്ച് ഭരണപക്ഷത്ത് നിന്നും പി.പി ചിത്തരഞ്ജനാണ് ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തി.
രാഷ്‌ട്രീയ പാർട്ടികളിലെ പ്രശ്‌നങ്ങൾ ചോദ്യമായി നിയമസഭയിൽ ഉന്നയിക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ല. രാഷ്‌ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിയമസഭയെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിച്ചു.
പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്കാണ് അവസരം നൽകുന്നതെന്നും ആരും ഇതിൽ എതിർപ്പ് അറിയിച്ചിരുന്നില്ലെന്നും സ്‌പീക്കർ മറുപടി നൽകി. ഇതേ തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകിയ മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെ പരോക്ഷമായി വിമർശിച്ചു. 'സ്‌ത്രീവിരുദ്ധ നിലപാടിൽ നിന്ന് രാഷ്‌ട്രീയപാർട്ടികൾ മാറിനിൽക്കണം. നേതൃത്വത്തിന് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്.' തെറ്റായ സമീപനങ്ങൾ പുതിയ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: അനിശ്ചിതകാല നിസഹകരണ സമരവുമായി ഡോക്ടര്‍മാര്‍
തുടർന്ന് ഉപചോദ്യം ഉന്നയിച്ച ചിത്തരഞ്ജൻ സരിത വിഷയം വീണ്ടും ഉന്നയിച്ചു. നീതി നൽകേണ്ടവർ നീതി നിഷേധത്തിന് ശ്രമിക്കുകയാണെന്ന് ചിത്തരഞ്ജൻ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ നടത്തുന്ന സ്‌ത്രീപക്ഷ പദ്ധതികൾ സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. തുല്യ നീതി ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വീഴ്‌ചകൾ ഉണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഹരിത വിഷയം ഉന്നയിച്ചുള്ള ചോദ്യോത്തരവേളയിൽ വിശദീകരണത്തിനായി പ്രതിപക്ഷ ഉപനേതാവ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇടപെടാൻ ശ്രമിച്ചെങ്കിലും സ്‌പീക്കർ അത് അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷം വീണ്ടും ബഹളം വച്ചു. ചിലർക്ക് പ്രത്യേക അവകാശങ്ങൾ ഉണ്ടെന്ന് കരുതരുതെന്നും സ്‌പീക്കറെ സമ്മർദ്ദത്തിൽ ആക്കാനുള്ള പ്രതിപക്ഷത്തിന്‍റെ ശ്രമം ശരിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.