തിരുവനന്തപുരം: വീട് കയറി ആക്രമണം നടത്തുന്നതിന് വാളുമായി വരികയായിരുന്ന അക്രമി സംഘത്തെ പട്രോളിങ്ങിനിടയില്‍ കഴക്കൂട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആറ്റിപ്ര വില്ലേജിൽ കല്ലിങ്കൽ ചേമ്പ് പറമ്പ് ശരണ്യ ഭവനിൽ ശരത് (29) തൃപ്പാദപുരം, മേലെ കോണം, സുധീഷ് കുമാർ എന്ന കട്ട സുധീഷ് (27) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്‌ച വെളുപ്പിനെ കല്ലിങ്കൽ കോളനി ഭാഗത്ത് വെച്ച് കാണപ്പെട്ട അക്രമി സംഘം പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവെ ആയുധങ്ങളുമായി പിടികൂടുകയായിരുന്നു.
കല്ലിങ്ങൽ കോളനിയിൽ പ്രതികളുടെ സുഹൃത്തായ മഞ്ജിത്തിനെ അനീഷ് എന്ന പശ അനീഷും കൂട്ടാളികളും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചതിന്‍റെ വിരോധത്തിൽ വീട് ആക്രമിച്ച് അനീഷിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എത്തിയതാണ് അക്രമി സംഘമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശരത്, സുധീഷ് എന്നിവർ തുമ്പ, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, എക്‌സ്‌പ്ലോസീവ് കൈവശം വക്കല്‍ ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളാണെന്നും പൊലീസ് പറഞ്ഞു.