തിരുവനന്തപുരം: കണിയാപുരം പായ്‌ചിറയില്‍ മദ്യപസംഘം വീടുകള്‍ അടിച്ചു തകര്‍ക്കുകയും ഒരാളുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്‌ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പായ്‌ചിറ സ്വദേശികളായ കുറിഞ്ചൻ എന്നു വിളിക്കുന്ന വിഷ്‌ണു, നിതിൻ, അജീഷ്, അനസ് എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.
ഡിസംബര്‍ 26ന് രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. റോഡില്‍ നിന്നിരുന്ന യുവാക്കളെയാണ് മദ്യപസംഘം ആദ്യം ആക്രമിച്ചത്. പായ്‌ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്‌ണു എന്നിവർക്കാണ് മർദനമേറ്റത്. ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ട് മുറിവേറ്റിരുന്നു.
ഇതിന് പിന്നാലെ മൂന്നു വീടുകൾക്ക് നേരെയും സംഘം ആക്രമണം നടത്തി. ഒരു വീടിന്‍റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചു തകർത്തു. വാതിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. പരിക്കേറ്റ യുവാക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും പോയ സമയത്താണ് സംഘം വീടുകൾക്കു നേരെ അക്രമം നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ശബരി എന്നയാളെ ഇനി പിടികൂടാനുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Read more: കണിയാപുരത്ത് യുവാക്കളെ മര്‍ദിച്ചും വീടുകള്‍ തകര്‍ത്തും മദ്യപസംഘം ; ഒരാള്‍ പിടിയില്‍