തിരുവനന്തപുരം : സിപിഎമ്മുമായി സമരസപ്പെട്ടുപോകുന്ന പാര്‍ട്ടി സെക്രട്ടറിയെന്ന ആരോപണം നിഷേധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന്‍. സിപിഎമ്മിന്‍റെ മുഖത്തുനോക്കി വിമര്‍ശനം ഉന്നയിക്കേണ്ട സാഹചര്യം അവര്‍ ഉണ്ടാക്കുന്നില്ലെന്നതാണ് വാസ്‌തവമെന്ന് ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ കാനം പറഞ്ഞു.
എല്‍ഡിഎഫ് യോഗത്തിനുപുറമെ ഇരു പാര്‍ട്ടികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കാന്‍ കൃത്യമായ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. അവിടെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്‌ത് പുറത്തുപറയാതെ പരിഹരിക്കുകയാണ് പതിവെന്നും കാനം പറഞ്ഞു.
75 വയസെന്ന പ്രായപരിധി ഇന്ത്യയിലെ എത്രയോ സംസ്ഥാനങ്ങള്‍ അംഗീകരിച്ച് നടപ്പാക്കിയതാണ്. കേരളത്തില്‍ മാര്‍ച്ച് മാസത്തില്‍ പാര്‍ട്ടി അംഗീകരിച്ച് സര്‍ക്കുലേറ്റ് ചെയ്‌ത തീരുമാനമാണ്. അതനുസരിച്ചാണ് ബ്രാഞ്ച്, ലോക്കല്‍, മണ്ഡലം, ജില്ല സമ്മേളനങ്ങള്‍ നടന്നത്. അന്നൊന്നും ഇല്ലാതിരുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാന സമ്മേളനത്തിലെത്തുമ്പോഴാണോ ഓര്‍ത്തതെന്ന് സി.ദിവാകരന്‍റെയും കെ.ഇ ഇസ്‌മയിലിന്‍റെയും പ്രായപരിധി വിമര്‍ശനത്തിന് കാനം മറുപടി നല്‍കി.
കെ.ഇ ഇസ്‌മയിലും സി.ദിവാകരനും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തുമോ എന്ന് ഇപ്പോൾ പറയാനാകില്ല. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്‌ത് ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കുമെന്നും കാനം പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുന്‍പ് ഇരുവരും പരസ്യ വിമര്‍ശനം നടത്തിയത് ശരിയോ തെറ്റോ എന്നൊന്നും താന്‍ പറയുന്നില്ല. സ്വയം വിമര്‍ശനപരമായി അവര്‍ ഇതൊക്കെ പരിശോധിക്കട്ടെ. സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി ചെയ്‌ത് പോകുന്ന ആളാണ് താന്‍.
പാര്‍ട്ടി അംഗത്വമെടുത്തിട്ട് 51 വര്‍ഷമായി. ഇക്കാലമത്രയും പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുകയും ആ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുകയും ചെയ്‌ത ശീലമാണ് തനിക്കുള്ളത്. അത് തുടര്‍ന്നുവരുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് മൂന്നുതവണ സെക്രട്ടറിയാകാം. പാര്‍ട്ടി ഭരണ ഘടന അതിനനുവദിക്കുമ്പോള്‍ താന്‍ മാറി നില്‍ക്കേണ്ട കാര്യമെന്തെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.