തിരുവനന്തപുരം: സാലറി ചലഞ്ച് ഉത്തരവ് കത്തിച്ച അധ്യാപകരെ ആർത്തി പണ്ടാരങ്ങൾ എന്ന് വിശേപ്പിച്ചതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അധ്യാപക സമൂഹത്തെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആറ് ദിവസത്തെ വേതനം കടം ചോദിച്ച സർക്കാർ ഉത്തരവ് കത്തിച്ച് ഫേസ് ബുക്കിലിട്ട് ആഘോഷിച്ച നീച പ്രവൃത്തിയെയാണ് ആക്ഷേപിച്ചത്. എപ്പോൾ തിരിച്ച് തരുമെന്ന് ധനമന്ത്രിയോ മുഖ്യമന്ത്രിയോ ഉറപ്പ് നല്‍കിയാല്‍ മാത്രമേ പണം തരൂ എന്ന് പറയാൻ ആർത്തി കൂടിയവർക്കെ കഴിയൂ. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന കാര്യത്തില്‍ തർക്കമില്ല. പണം ഉണ്ടെങ്കില്‍ അല്ലേ കൊടുക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പോത്തൻകോട് സ്‌കൂളിലെ പരിപാടിയില്‍ ബോധപൂർവ്വം നിയന്ത്രണങ്ങൾ ലംഘിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ഇരുപതില്‍ താഴെ ആളുകൾ മാത്രമേ പരിപാടിയില്‍ പങ്കെടുത്തുള്ളു. എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണിലെ വളന്‍റിയർമാർ ഒരുമിച്ച് എത്തിയതാണ് പ്രശ്നം ഉണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.