തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ അനുമതി നല്‍കി. തീർത്ഥാടന സർക്യൂട്ട് പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു.
69.47 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. അതേസമയം, സംസ്ഥാനത്തെ 113 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള 85.2 കോടി രൂപയുടെ സ്‌പിരിച്വൽ ടൂറിസം പദ്ധതിയെ കുറിച്ച് സംസ്ഥാനത്തിന് അയച്ച കത്തിൽ വ്യക്തത ഇല്ലെന്ന് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഈ പദ്ധതിയും പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.