തിരുവനന്തപുരം : ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ജനകീയ സമരങ്ങള്‍ക്കെതിരെ കള്ളക്കേസെടുത്ത് കോണ്‍ഗ്രസിന്‍റെ നാവടപ്പിയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അത് കേരളത്തില്‍ വിലപ്പോകില്ല.
കേരളത്തിലെ പൊലീസ് പിണറായിക്ക് ദാസ്യവേല ചെയ്യുകയാണെന്നും ഭരണപക്ഷത്തിരിക്കുന്നവരെ തലോടുകയും താലോലിക്കുകയും ചെയ്യുന്ന കേരള പൊലീസ് പ്രതിപക്ഷത്തുള്ളവരെ അടിച്ചൊതുക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയുമാണെന്നും സുധാകരന്‍ ആരോപിച്ചു.
'ഇന്ധനവില വര്‍ധനവ് തമസ്‌കരിക്കാനുള്ള ശ്രമം'
കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി വൈസ് പ്രസിഡന്‍റുമാരായ വി.ജെ പൗലോസ്, വി.പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്‍റേഷന്‍, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കാനുള്ള പിണറായിയുടെ തീരുമാനം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഏര്‍പ്പാടാണ്. ഇതുകൊണ്ട് സമരരംഗത്ത് നിന്ന് കോണ്‍ഗ്രസിനെ പിന്തിരിപ്പിയ്ക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.
പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നോവുമോ എന്നാണ് പിണറായിയുടെ പേടി. നടന്‍റെ വിഷയം പൊക്കിപ്പിടിച്ച് പെട്രോള്‍ വില വിഷയം തമസ്‌കരിക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിയ്ക്കുന്നത്.
'വരാനിരിയ്ക്കുന്നത് വന്‍ പ്രക്ഷോഭത്തിന്‍റെ നാളുകള്‍'
രാജ്യത്തെ ജനങ്ങള്‍ അനിയന്ത്രിതമായ പെട്രോള്‍ ഡീസല്‍ വില വര്‍ധനമൂലം നിന്ന് ഉരുകുമ്പോഴാണ് കോണ്‍ഗ്രസ് ഇതിനെതിരേ സമരം നടത്തിയത്. ഏറെ നാളുകളായി നടന്നുവരുന്ന സമരത്തിന്‍റെ തുടര്‍ച്ചയാണിത്.
എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നടത്തിയ സമരമുഖത്തേക്ക് ഇരച്ചുകയറിയ സിനിമാനടന്‍റെ പ്രവര്‍ത്തിയും പരസ്യമായ പുലഭ്യം പറച്ചിലുമെല്ലാം ജനങ്ങള്‍ കണ്ടതാണ്. അതിനെതിരേ ചെറുവിരല്‍ പോലും അനക്കാത്ത പൊലീസ് ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച നേതാക്കളെയാണ് ജയിലിലടയ്ക്കുന്നത്.
പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരേയും പിണറായിയുടെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരേയും കോണ്‍ഗ്രസ് വര്‍ധിത വീര്യത്തോടെ സമരരംഗത്ത് തിരിച്ചെത്തും. ജനങ്ങളുടെ സഹകരണത്തോടെ വന്‍ പ്രക്ഷോഭത്തിന്‍റെ നാളുകളാണ് വരാന്‍ പോകുന്നതെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
Also read: 'ജോജുവിന്‍റേത് ഷൈനിങ്' ; നടനെതിരെ കേസെടുക്കണമെന്ന് പി.സി ജോർജ്