തിരുവനന്തപുരം: നേമത്ത് കെ മുരളീധരൻ നാളെ മുതൽ പ്രചാരണം ആരംഭിക്കും. വൈകിട്ട് 4ന് ജഗതിയില്‍ നിന്ന് മുരളീധരന്‍ കരമന ജങ്ഷൻ വരെ പദയാത്ര നടത്തും. ആയിരത്തിലേറെ പ്രവര്‍ത്തകരെ അണിനിരത്തിയുള്ള പദയാത്രയ്ക്കാണ് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറെടുപ്പ് നടത്തുന്നത്.
മണ്ഡലം പുനഃസംഘടനയ്ക്കു ശേഷം നിലവില്‍ വന്ന നേമം മണ്ഡലത്തില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ 2011ല്‍ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിലെ ചാരുപാറ രവിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. 20,248 വോട്ടുമാത്രമാണ് ചാരുപാറ രവി നടിയത്. അന്ന് സിപിഎം സ്ഥാനർഥി വി ശിവന്‍കുട്ടി വിജയിക്കുകയും ബിജെപി സ്ഥാനാർഥി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തും എത്തി.
2016ലും ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിനു യുഡിഎഫ് നല്‍കിയ സീറ്റില്‍ മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ളക്ക് 13,860 വോട്ടു മാത്രമാണ് നേടാനായത്. ഒ.രാജഗോപാലിലൂടെ ആദ്യമായി ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നു.
നേമം മണ്ഡലം താലത്തില്‍ വച്ച് യുഡിഎഫ് ബി.ജെ.പിക്കു നല്‍കിയെന്ന ആരോപണം കഴിഞ്ഞ 5 വര്‍ഷമായി സിപിഎം കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചു വരികയാണ്. ബിജെപിയെ ശക്തമായി എതിര്‍ക്കുന്നത് തങ്ങളാണെന്ന് നേമത്തെ ഉദാഹരണമാക്കി സിപിഎം നടത്തുന്ന പ്രചാരണത്തിനു തടയിടുക കൂടിയാണ് മുരളീധരന്‍റെ സ്ഥാനാ ർഥിത്വത്തിലൂടെ കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശം. സംസ്ഥാനത്താകമാനം ഇതിന്റെ ആനുകൂല്യം യുഡിഎഫിനു ലഭിക്കുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.