തിരുവനന്തപുരം: ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടയല്ലെന്നും കോണ്‍ഗ്രസിനോട് ചേര്‍ന്നു നില്‍ക്കുന്ന സംഘടന മാത്രമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വാദം പൊളിയുന്നു. എഐസിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കോണ്‍ഗ്രസിന്‍റെ പോഷക സംഘടനകളുടെ (frontal organisations) പട്ടികയില്‍ ഐഎന്‍ടിയുസിയുമുണ്ട്. കോണ്‍ഗ്രസ് സേവാദള്‍, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി, എന്‍എസ്‌യുഐ എന്നിവയാണ് കോണ്‍ഗ്രസിന്‍റെ പോഷക സംഘടനകളായി വെബ്സൈറ്റിലുള്ളത്.
ഐഎന്‍ടിയുസി അഖിലേന്ത്യ അധ്യക്ഷന്‍ ഡോ. എസ് സഞ്ജീവ് റെഡ്ഡിയാണെന്ന് അദ്ദേഹത്തിന്‍റെ ചിത്രം സഹിതം വെബ്സൈറ്റിലുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന കെ റെയില്‍ വിരുദ്ധ സമരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വി.ഡി സതീശന്‍ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന തന്‍റെ വാദം ആവര്‍ത്തിയ്ക്കുകയായിരുന്നു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്നും കോണ്‍ഗ്രസുമായി ചേര്‍ന്നു നില്‍ക്കുന്ന സംഘടന മാത്രമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
തെറ്റു പറ്റിയത് എഐസിസിയ്ക്കോ?: താന്‍ പോഷക സംഘടനയല്ലെന്ന് പറഞ്ഞിട്ടും അതിനെ തിരുത്തി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖരന്‍ രംഗത്തു വന്നില്ലല്ലോ എന്നായിരുന്നു സതീശന്‍റെ ന്യായം. ഇതോടെ തെറ്റു പറ്റിയത് എഐസിസിയ്ക്കാണോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസിന്‍റെ മുന്‍നിര നേതാക്കള്‍ വിവിധ പൊതുമേഖല-സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന തൊഴിലാളി സംഘടനകളുടെ നേതാക്കളാണ് എന്നതും സതീശന്‍റെ വാദത്തിന്‍റെ മുനയൊടിയ്ക്കുന്നു.
കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി സംഘടന നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളായ വി.എസ് ശിവകുമാറും തമ്പാനൂര്‍ രവിയുമാണ്. വാട്ടര്‍ അതോറിട്ടി ജീവനക്കാരുടെ ഐഎന്‍ടിയുസി സംഘടന നേതാക്കള്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും കെപിസിസി നിര്‍വ്വാഹക സമിതി അംഗം ശരത്ചന്ദ്ര പ്രസാദുമാണ്. കെഎസ്ഇബിയിലെ ഐഎന്‍ടിയുസി തൊഴിലാളി സംഘടന നേതാവ് മുന്‍ കോണ്‍ഗ്രസ് എംപി കെ.പി ധനപാലനാണ്.
ഐഎന്‍ടിയുസിയിലൂടെ നേതൃനിരയിലെത്തിയവര്‍: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍ തുടങ്ങിയവരെല്ലാം ഐഎന്‍ടിയുസിയുടെ വിവിധ സംഘടന നേതാക്കന്‍മാരായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ എക്കാലത്തെയും ഉന്നത നേതാവായ കെ കരുണാകരന്‍ ഐഎന്‍ടിയുസിയിലൂടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്ക് കടന്നുവന്നത്. തൃശൂര്‍ സീതാറാം മില്‍സിലെ തൊഴിലാളികളെ ഐഎന്‍ടിയുസിയ്ക്ക് പിന്നില്‍ അണിനിരത്തിയാണ് കരുണാകരന്‍ തന്‍റെ സംഘടന ശേഷി തെളിയിച്ചത്.
വസ്‌തുതകള്‍ ഇതായിരിക്കെയാണ് ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന വാദത്തിലുറച്ച് സതീശന്‍ നിലകൊള്ളുന്നത്. സതീശന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ അതൃപ്‌തി പുകയുകയാണെങ്കിലും പരസ്യ പ്രതികരണം ഇപ്പോള്‍ വേണ്ടെന്ന നിലപാടിലാണ് എല്ലാവരും. അതേസമയം, സതീശന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ ഐഎന്‍ടിയുസി നേതൃത്വം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് പരാതി നല്‍കി.
വിഡി സതീശന്‍റെ വിവാദ പ്രസ്‌താവന: മാര്‍ച്ച് 30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിയ്ക്കവെയാണ് ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന വിവാദ പ്രസ്‌താവന സതീശന്‍ നടത്തിയത്. എളമരം കരീമിനെതിരെ പ്രമുഖ വാര്‍ത്ത ചാനല്‍ അവതാരകന്‍ നടത്തിയ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി വാര്‍ത്ത ചാനല്‍ ഓഫിസിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ ഐഎന്‍ടിയുസിയുമുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു വിവാദ പ്രസ്‌താവന.
Also read: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു