തിരുവനന്തപുരം: വ്യസായ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്‌ച മുതല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി വ്യവസായ വകുപ്പ്. വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ പുറപ്പെടുവിച്ചു. എല്ലാ സ്ഥാപനങ്ങളും തുറക്കുന്ന ഘട്ടത്തില്‍ അണുമുക്തമാക്കണം. പുറത്തു നിന്ന് ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് കമ്പനി സ്വന്തം നിലയില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഇതിന് പൊതു ഗതാഗത സൗകര്യം ഉപയോഗപ്പെടുത്താന്‍ പാടില്ല. വാഹനങ്ങളില്‍ 30 മുതല്‍ 40 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു.
വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കുന്ന വാഹനങ്ങളും യന്ത്രങ്ങളും അണുമുക്തമാക്കേണ്ടതാണ്. തൊഴിലാളികള്‍ക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും പ്രത്യേക കവാടം ഏര്‍പ്പെടുത്തേണ്ടതാണ്. തെഴിലാളികള്‍ക്കിടയില്‍ സാമൂഹിക സുരക്ഷാ അകലം കര്‍ശനമായി പാലിക്കേണ്ടതാണ് തൊഴിലാളികള്‍ മുഖാവരണവും കയ്യുറകളും ആവശ്യമെങ്കില്‍ ധരിക്കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാന്‍ തൊഴിലാളികളെ പരിശീലിപ്പിക്കുകയും തൊഴിലാളികള്‍ മുഖത്ത് സ്പര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുമാണ്.
പത്ത് പേരിലധികമുള്ളവരുടെ മീറ്റിങ്ങുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. പുകയില, ഗുഡ്ക തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കണം. തുപ്പുന്നത് കര്‍ശനമായി ഒഴിവാക്കപ്പെടേണ്ടതാണ്. ഇത്തരം നിബന്ധനകള്‍ ലംഘിച്ചാല്‍ ഫാക്ടറികളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്നും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.