തിരുവനന്തപുരം : ആരോഗ്യ വകുപ്പിൻ്റെ അഞ്ഞൂറോളം ഫയലുകൾ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണമെന്ന് പൊലീസ്. ഈ ആവശ്യം ഉന്നയിച്ച് കന്‍റോണ്‍മെന്‍റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് കത്തുനൽകി. ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ നഷ്‌ടപ്പെടില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
നേരത്തെ ഫയലുകൾ കാണാതായതിനെ തുടർന്ന് അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്‌ടർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം നടത്തണമെങ്കിൽ കാണാതായ ഫയലുകൾ സംബന്ധിച്ച് കൃത്യമായ വിവരം നൽകണമെന്ന് പൊലീസ് അറിയിച്ചത്.
ALSO READ: 'എടപ്പാളിലൂടെ ഇനി തടസങ്ങളില്ലാതെ ഓടാം' ; സംഘപരിവാറിനെ ട്രോളി കെ.കെ ശൈലജ
ആരോഗ്യവകുപ്പിൻ്റെ വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പർച്ചേസുമായി ബന്ധപ്പെട്ട പ്രധാന ഫയലുകളാണ് ഒരു മാസം മുമ്പ് കാണാതായതെന്നാണ് വിവരം. കൊവിഡ് സമയത്ത് മൂന്നിരട്ടി വിലക്ക് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ പി.പി.ഇ കിറ്റുകൾ വാങ്ങിയതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് ഫയലുകൾ കാണാതായത്.
മരുന്ന് വാങ്ങിയതിൻ്റെ രേഖകൾ ഉൾപ്പടെ അടങ്ങിയ ഫയലുകൾ നഷ്‌ടമായിരുന്നു. സെക്ഷൻ ക്ലാർക്കുമാരാണ് ഫയലുകൾ നഷ്‌ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. ജീവനക്കാർ ദിവസങ്ങളോളം തിരച്ചിൽ നടത്തിയാണ് ഫയലുകൾ കാണാതായതായി ഉറപ്പിച്ചത്.