തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ചികിത്സയിലിരിക്കെ ഇന്നലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം തിരികെ എത്തിച്ച ആനാട് പുലിപ്പാറ സ്വദേശി ഉണ്ണി (33) ആണ് ഇന്ന് രാവിലെ മരിച്ചത്. ഡിസ്‌ചാർജിന് ശേഷം വീട്ടിലെത്തി കഴിക്കാനുള്ള ഗുളിക കുറിച്ച് നല്‍കാൻ എത്തിയ നഴ്‌സാണ് ഇയാളെ കൊവിഡ് ഐസൊലേഷൻ വാർഡിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.