തിരുവനന്തപുരം: ചൊവ്വാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ കരൂർ തുറമംഗലത്ത് വീട്ടിൽ സുരേന്ദ്രൻ നായരുടെ വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ചൊവ്വാഴ്ച രാത്രി പതിന്നൊര മണിയോടെയാണ് സംഭവം. ശക്തമായ മഴയിൽ ഓട് മേഞ്ഞ കെട്ടിടത്തിന്‍റെ മൺചുമരിൽ മഴവെള്ളം ഒലിച്ചിറങ്ങുകയായിരുന്നു. ചുമരുകളുടെ ബലഹീനത കാരണം വീടിന് അടുക്കള ഭാഗം പൂർണ്ണമായും ഇടിഞ്ഞു വീണു.
വീട്ടിലുണ്ടായിരുന്ന സുരേന്ദ്രനും സഹോദരി ജയകുമാരിയും ഭർത്താവ് ശശിധരൻ നായരും വീട്ടിലെ മറ്റ് മുറികളിൽ ആയതിനാൽ ആളപായം ഉണ്ടായില്ല. പഞ്ചായത്തംഗം ഗിരിജകുമാരിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പുനഃനിർമാണത്തിന് അടിയന്തര സഹായം നൽകുമെന്ന് അറിയിച്ചു.