തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് ഹോട്ടലുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അടച്ചിട്ട ഹോട്ടലുകൾ എന്ന് തുറക്കാൻ ആകുമെന്ന ആശങ്കയിലാണ് ഹോട്ടലുകാർ. കൊവിഡ് ഭീതി ആരംഭിക്കുന്നതിന് മുൻപ് തന്നെ ഹോട്ടലുകളുടെ പ്രവർത്തനം ഭാഗികമായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൂർണമായും അടച്ചു. ഇന്ത്യക്ക് അകത്തു നിന്നുള്ള സഞ്ചാരികൾ കൂടുതലായി എത്തുന്ന സമയത്താണ് കൊവിഡ് എത്തിയത്. ലോക്ക് ഡൗൺ മാറിയാലും വിനോദ സഞ്ചാരികൾ എത്തണമെങ്കിൽ പിന്നെയും കാത്തിരിക്കേണ്ടി വരും.
മുറികൾ തുടർച്ചയായി അടച്ചിട്ടതോടെ അവയ്ക്കുള്ളിലെ സാധനങ്ങൾ പലതും നാശത്തിന്‍റെ വക്കിലാണ്. തൊഴിൽ ഇല്ലാതായതോടെ ജീവനക്കാരും പ്രതിസന്ധിയിലാണ്. കോവളത്ത് നിരവധി ചെറിയ റെസ്റ്റോറന്‍റുകളും മറ്റു കടകളും സ്ഥലത്തുള്ള വലിയ ഹോട്ടലുകളെയും അവിടെ എത്തുന്ന സഞ്ചാരികളെയും ആശ്രയിച്ച് മുന്നോട്ട് പോയിരുന്നത്. അവരും പ്രതിസന്ധിയിലായി. തകർച്ചയിലേക്ക് പോകുന്ന ഹോട്ടൽ മേഖലയ്ക്ക് മുന്നോട്ട് പോകണമെങ്കിൽ പ്രത്യേക പാക്കേജ് തന്നെ ആവശ്യമാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.