തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്തെ സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് സമരക്കാർക്ക് ഹൈക്കോടതിയുടെ നിർദേശം. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്‌ട്‌സ് എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.
അതേസമയം പന്തൽ പൊളിച്ചുനീക്കാനായി സമരക്കാർക്ക് നേരത്തെ നോട്ടിസ് നൽകിയിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ തന്നെ അദാനിയുടെ കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.
പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് വാഹനങ്ങൾ പോകില്ലെന്ന് അദാനി ഗ്രൂപ്പും കരാർ കമ്പനിയും കോടതിയെ അറിയിച്ചിരുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി പോകുന്ന വാഹനങ്ങൾ തടയരുതെന്നും തടസം ഒഴിവാക്കാൻ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കഴിഞ്ഞയാഴ്‌ച കോടതി നിർദേശം നൽകിയിരുന്നതാണ്.
സെപ്‌റ്റംബര്‍ 1 നാണ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അതേസമയം ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ബുധനാഴ്‌ച(ഒക്‌ടോബര്‍ 12) വീണ്ടും പരിഗണിക്കും.