തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോട ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ ജില്ലാ പൊലീസ് മേധവികള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രിയും വകുപ്പിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയില്‍ ഒറ്റപ്പെട്ടുപോയവരേയും സഹായം വേണ്ടവരേയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാനാണ് ഡി ജി പി ലോക്‌നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മരങ്ങള്‍ വീണ് ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ നീക്കുന്നതിനും ജില്ലാഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി എന്നിവയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാനും ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്കും, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇതോടൊപ്പം ദുരിതബാധിത മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ ആവശ്യമായ സംഘത്തെ തയ്യാറാക്കി നിര്‍ത്താനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.