തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡോക്‌ടര്‍മാരുടെ ഭാഗത്ത് നിന്ന വീഴ്‌ചയുണ്ടായിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ഡോക്‌ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തതില്‍ പ്രതിഷേധിച്ചിട്ട് കാര്യമില്ല. അന്വേഷണ വിധേയമാണ് സസ്‌പെന്‍ഷന്‍. ഒരു ശിക്ഷ നടപടിയായി സസ്‌പെന്‍ഷനെ കണക്കാക്കാന്‍ കഴിയില്ല.
വ്യക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളില്‍ ഏകോപനമുണ്ടായില്ല. പുറത്ത് നിന്നൊരാള്‍ പെട്ടിയെടുക്കേണ്ടി വന്നത് ആരുടെ വീഴ്‌ച കൊണ്ടാണെന്ന് വ്യക്തമാക്കണം. ഇത്തരം വീഴ്‌ചകളില്‍ ഡോക്‌ടര്‍മാര്‍ക്കെതിരെയല്ലാതെ മറ്റാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ഓരോരുത്തരും സര്‍ക്കാരിന് പ്രധാനമാണ്. ശിപാര്‍ശയുള്ളവരെ മാത്രം പ്രധാനമായി കാണാന്‍ കഴിയില്ല. ഇത്തരം വീഴ്‌ചകളുണ്ടായാല്‍ കര്‍ശന നടപടി ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കി.