തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി വര്‍ധന നിയന്ത്രിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എയര്‍ കോര്‍പറേഷന്‍ നിയമം റദ്ദാക്കി 1994ല്‍ വിമാന നിരക്ക് നിയന്ത്രണം എടുത്തുകളഞ്ഞിട്ടുള്ളതിനാല്‍ യാത്രാക്കൂലി നിശ്ചയിക്കാന്‍ വിമാന കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
വിമാന യാത്രാക്കൂലി വര്‍ധന തടയുന്നതിനും ചൂഷണം അവസാനിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴെല്ലാം ഇതാണ് മറുപടി.
വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകളും സീറ്റുകളും വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടുവരികയാണ്.
READ MORE: മത സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി
സാധാരണ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനെ അപേക്ഷിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്നതുകൊണ്ടാണ് വിമാനത്താവളങ്ങളില്‍ റാപ്പിഡ് ആർ.ടി.പി.സിആര്‍ ടെസ്റ്റ് നടത്തുന്നത്.
ഈ ടെസ്റ്റിനുള്ള കാട്രിഡ്ജിന് 2000 രൂപ വിലവരും എന്നതുകൊണ്ടാണ് പരിശോധനാനിരക്ക് 2490 രൂപയായി നിശ്ചയിച്ചത്.
എന്നാല്‍ ഈ ടെസ്റ്റിന് പുറമേ അതാത് രാജ്യങ്ങളുടെ കൊവിഡ് ടെസ്റ്റിംഗ് റെഗുലേറ്ററി പ്രോട്ടോക്കോള്‍ പ്രകാരം ചെലവ് കുറഞ്ഞതോ കൂടിയതോ ആയ പരിശോധനകള്‍ തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എം.രാജഗോപാലന്‍റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.