തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വൈകിട്ടോടെ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ക്യാമ്പുകളിലേക്കോ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറിത്താമസിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തൃശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും, മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ലയങ്ങള്‍, പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍, ദുരന്ത സാധ്യത പ്രദേശങ്ങളില്‍ ഉള്ളവര്‍ മഴ സാഹചര്യം കണക്കിലെടുത്ത് അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാറ്റി താമസിക്കണം. ഇതിനായി എല്ലാ ജില്ലകളിലും ക്യാമ്പുകള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
എല്ലാ വീടുകളിലും എമര്‍ജന്‍സി കിറ്റുകള്‍ തയാറാക്കി വയ്‌ക്കേണ്ടതിന്‍റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോവര്‍ പെരിയാര്‍ (ഇടുക്കി), കല്ലാര്‍കുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാര്‍ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളില്‍ നിലവില്‍ റെഡ് അലെര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.
കേരളത്തില്‍ ഓഗസ്റ്റ് 4 വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. അടിയന്തര സഹായങ്ങള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1077 ല്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.