തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചുക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ലോകായുക്ത പുറപ്പെടുവിക്കുന്ന ഉത്തരവില്‍ തീരുമാനം വേണമോ വേണ്ടയോ എന്ന് സര്‍ക്കാരിനു തീരുമാനിക്കാം.
ഓര്‍ഡിനന്‍സുമായി നിയമമന്ത്രി പി രാജീവ് ജനുവരി 24ന് നേരിട്ട് രാജ്ഭവനില്‍ ഹാജരായെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറായില്ല. 22 ദിവസത്തെ വിദേശ സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ടോടെ രാജ്ഭവനിലെത്തി ഗവര്‍ണറുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനൊടുവിലാണ് നിലപാട് മാറ്റത്തിന് ഗവര്‍ണര്‍ തയ്യാറായത്.
ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചടച്ചാലുളവാകാവുന്ന ഭരണ പ്രതിസന്ധിയും നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഉണ്ടാകുന്ന കാലതാമസവും മുഖ്യമന്ത്രി ഗവര്‍ണറെ ബോധ്യപ്പെടുത്തി. ഇതോടെ ഓര്‍ഡിനന്‍സില്‍ ഒപ്പിടാമെന്ന് ഗവര്‍ണര്‍ സമ്മതം മൂളുകയും തിങ്കളാഴ്‌ച രാവിലെ 10.40ന് ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കുകയുമായിരുന്നു.
ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം നേരിട്ടെത്തി ഗവര്‍ണറോട് ആവശ്യപ്പെടുകയും ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ മാറ്റിവയ്ക്കുകയും ചെയ്‌തത് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. ഇതില്‍ നിന്നു കൂടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കര കയറിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ഒപ്പു വച്ചതോടെ ബജറ്റ് സമ്മേളനം സംബന്ധിച്ച അനിശ്ചിതത്വവും മാറി. ഫെബ്രുവരി 9ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ നിയമസഭ സമ്മേളനം സംബന്ധിച്ച തീരുമാനമെടുക്കും.
ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുമ്പോള്‍
1999ല്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ പാസാക്കിയ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പാണ് 2022ലെ ഇടതു സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നീക്കം ചെയ്യുന്നതെന്ന വൈരുധ്യമാണ് ഈ ഓര്‍ഡിനന്‍സിനുള്ളത്. 1999ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം ലോകായുക്തയുടെ വിധി സര്‍ക്കാര്‍ അതേപടി അംഗീകരിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്.
ബന്ധപ്പെട്ട അധികാരി 3 മാസത്തിനകെ പ്രഖ്യാപനം തള്ളിയില്ലെങ്കില്‍ അത് അംഗീകരിച്ചതായി കണക്കാക്കും. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ നിയമപോരാട്ടത്തിനിറങ്ങുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
Also read: പ്രോസിക്യൂഷന് തിരിച്ചടി; വധ ഗൂഢാലോചന കേസില്‍ ദിലീപിന് ആശ്വാസം, മറ്റ് 5 പ്രതികള്‍ക്കും ജാമ്യം