തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെഎസ്ആർടിസിയെ തകർക്കുകയാണെന്ന് പ്രതിപക്ഷം. കെഎസ്ആര്‍ടിസി പ്രതിസന്ധി വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായാണ് നിയമസഭയില്‍ ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് തീവ്ര വലതുപക്ഷ നയമാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന സ്വിഫ്റ്റ് കെഎസ്‌ആര്‍ടിസിയുടെ ആരാച്ചാരെന്നും പ്രതിപക്ഷം ആരോപിച്ചു.
ശമ്പളം നല്‍കാതെ തൊഴിലാളികളെ സര്‍ക്കാര്‍ ദുരിതത്തിലാക്കുകയാണ്. കണ്ണീര്‍ ഓണമാണ് ഇവരെ കാത്തിരിക്കുന്നതെന്നും നോട്ടിസ് നല്‍കിയ എം വിന്‍സെന്‍റ് പറഞ്ഞു. കണക്കുകള്‍ നിരത്തിയായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ മറുപടി.
മെയ് മാസത്തെ കണക്ക് പ്രകാരം കെഎസ്‌ആര്‍ടിസിയുടെ വരുമാനം 192.67 കോടി രൂപ. ചിലവ് 289.32 കോടി. വരവ് ചിലവ് അന്തരം 96.65 കോടി രൂപ. കൊവിഡും ഇന്ധന വില വര്‍ധനയും പ്രതിസന്ധിയിലാക്കിയ കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയാക്കിയേ മതിയാകൂ എന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.
8 മണിക്കൂര്‍ ജോലി എന്ന സന്ദേശവുമായി മേയ് ദിനം ആഘോഷിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് 12 മണിക്കൂറിന് വേണ്ടി വാദിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആറ് വര്‍ഷം കൊണ്ട് കെഎസ്‌ആർടിസിയെ എല്‍ഡിഎഫ് എല്ലും തോലുമാക്കി. സ്വിഫ്‌റ്റ് കെഎസ്‌ആര്‍ടിസിയുടെ ആരാച്ചാരെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
സുശീല്‍ ഖന്ന റിപ്പോര്‍ട്ട് വലിച്ച് കീറി കുപ്പയിലെറിയണമെന്ന് പ്രതിപക്ഷം പറഞ്ഞു. തൊഴിലാളി വിരുദ്ധ നിലപാടുകള്‍ മന്ത്രി പറയുമ്പോള്‍ ഇടത് എംഎല്‍എമാര്‍ കൈയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തങ്ങളോട് ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിന് മുമ്പ് ആനത്തലവട്ടം ആനന്ദന്‍ അടക്കമുള്ള സിപിഎം നേതാക്കളെ മന്ത്രി ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും സതീശന്‍ പറഞ്ഞു.
മന്ത്രി ആന്‍റണി രാജുവിന്‍റെ മറുപടിയില്‍ അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.