തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ട ആക്രമണം. പതിനെട്ടുകാരനായ വിദ്യാർഥിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി വഴിയിൽ തളളി. ഗുരുതരമായി പരിക്കേറ്റ അഴിക്കോട് സ്വദേശി അബ്‌ദുള്‍ മാലിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ട്.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആറുമണിയോടെ അഴിക്കോട് യുപി സ്‌കൂളിനു മുന്നിലെ ചിക്കൻ കടയിൽ ജോലിക്കെത്തിയ മാലിക്കിനെ കടയിൽ നിന്ന് നാലംഗ സംഘം വാഹനത്തിൽ ബലമായി പിടിച്ചു കയറ്റിക്കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് അഞ്ചു കിലോമീറ്റർ ദൂരം വാഹനത്തിലിരുത്തി മർദ്ദിച്ച ശേഷം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
ചൊവ്വാഴ്‌ച പ്രദേശത്തെ ഒരു ഫർണിച്ചർ കടയിലുണ്ടായ സംഘർഷത്തിൻ്റെ പ്രതികാരം തീർക്കാനെത്തിയ സംഘം ആളുമാറി മാലിക്കിനെ മർദിച്ചുവെന്നാണ് വിവരം. ഫർണിച്ചർ കടയുടമ സുൽഫി, സുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് മാലിക്കിൻ്റെ ബന്ധുക്കൾ പറഞ്ഞു. നെടുമങ്ങാട് പൊലീസ് കേസെടുത്തു.
Also read: ഷർട്ടിടാതെ നടുറോഡില്‍, പെൺകുട്ടിയും സുഹൃത്തുക്കളും അടിപിടി കൂടുന്ന ദൃശ്യങ്ങൾ