തിരുവനന്തപുരം : ഡിജിപി ബി സന്ധ്യക്കെതിരെ വീണ്ടും ആരോപണവുമായി ഗംഗേശാനന്ദ. തിരുവനന്തപുരം കണ്ണമ്മൂലയില്‍ ബി സന്ധ്യ വീടുവച്ചിരിക്കുന്നത് ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലത്താണെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയെങ്കിലും സന്ധ്യക്കുള്ള സ്വാധീനം മൂലം ഈ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഗംഗേശാനന്ദ ആരോപിച്ചു. സ്‌മാരക നിർമാണത്തിനായി സമരം പുനരാംരംഭിക്കും.
എന്നാല്‍ തന്‍റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സന്ധ്യയ്ക്ക് പങ്കില്ലെന്ന് ഗംഗേശാനന്ദ പറഞ്ഞു. നേരത്തെ തനിക്കെതിരായ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ സന്ധ്യയാണെന്ന് ആരോപിച്ച ഗംഗേശാനന്ദ, കേസ് അട്ടിമറിച്ചതില്‍ സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം ഏറ്റെടുക്കുന്നതില്‍ ഇടപെട്ടതാണ് പ്രശ്‌നത്തിന് കാരണമായതെന്നും ഗംഗേശാനന്ദ ആരോപിച്ചിരുന്നു.
2017 മെയ് 21നാണ് നിയമ വിദ്യാര്‍ഥിയായ 23കാരി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചത്. ബലാത്സംഗത്തിനിടെയാണ് യുവതി ജനനേന്ദ്രിയം ഛേദിച്ചതെന്നായിരുന്നു ആദ്യ വാര്‍ത്തകളെങ്കെിലും യുവതി പിന്നീട് മൊഴി മാറ്റി. തിരുവനന്തപുരം പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ബലാത്സംഗത്തിനിടെ ആത്മരക്ഷാര്‍ഥമാണ് ജനനേന്ദ്രിയം ഛേദിച്ചതെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി.
Read more: തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ഡി.ജി.പി ബി സന്ധ്യ ; ആരോപണവുമായി ഗംഗേശാനന്ദ
പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ യുവതിയും കാമുകനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരം ഒരു പ്രവര്‍ത്തി നടന്നതെന്ന് കണ്ടെത്തുകയും കാമുകന്‍ അയ്യപ്പദാസിനെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്‌തിരുന്നു.
യുവതിയുടെ വീട്ടുകാരുമായി ബന്ധമുള്ള ഗംഗേശാനന്ദയുടെ സാന്നിധ്യം ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിന് തടസമാകുമെന്ന് കണ്ടെത്തിയാണ് വര്‍ക്കല, കൊല്ലം എന്നിവിടങ്ങളില്‍ വച്ച് ഇരുവരും ചേര്‍ന്ന് ജനനേന്ദ്രിയം മുറിക്കുന്നതിന് ഗൂഢാലോചന നടത്തിയതെന്നും ഇന്‍റർനെറ്റില്‍ പല തവണ നോക്കി ജനനേന്ദ്രിയം മുറിക്കുന്നത് പഠിച്ച ശേഷമാണ് കൃത്യം നടത്തിയതെന്നുമായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. കേസ് ഇപ്പോള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്.