തിരുവനന്തപുരം: കാട്ടാക്കട അന്തിയൂർക്കോണത്ത് ഫർണിച്ചർ നിർമാണ ശാല തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്തിയൂർക്കോണം പാലത്തിന് സമീപം ശശികുമാറിൻ്റെ ഉടമസ്ഥതയിലെ നിർമ്മാണ ശാല ബുധനാഴ്‌ചയാണ് തീ കത്തി നശിച്ചത്. 30 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നുണ്ട്.
ലോൺ എടുത്തും സ്വർണം പണയപ്പെടുത്തിയും ആണ് കട നടത്തിയിരുന്നതെന്ന് ഉടമസ്ഥനായ ശശികുമാർ പറഞ്ഞു. കൊവിഡിനെ തുടർന്ന് സ്ഥാപനം അടിച്ചിട്ടിരിക്കുകയായിരുന്നു. തീപിടുത്തത്തിൽ മൂന്നു വീടുകളുടെ പണിക്കായി പണികഴിപ്പിച്ച് വെച്ചിരുന്ന തടി ഉപകരണങ്ങൾ പൂർണ്ണമായും കത്തിനശിച്ചു.
ALSO READ: വിഴിഞ്ഞത്ത് കൊഴിയാള ചാകര; മീൻ വാങ്ങാൻ ഇരച്ചെത്തി ജനം
കടക്ക് സമീപത്ത് കത്തിക്കാൻ ഉപയോഗിച്ചതായി സംശയിക്കുന്ന ടയറിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. മലയിൻകീഴ് പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.