തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷറീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് സുരേഷ് കുമാര്‍, കണ്ടക്‌ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്‌റ്റന്‍റ് സി.പി മിലന്‍ ഡോറിച്ച് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
കെഎസ്‌ആര്‍ടിസി വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റാണ് സംഭവിച്ചതെന്നും തെറ്റ് ചെയ്‌തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നേരത്തെ വ്യക്‌തമാക്കിയിരുന്നു.
വിദ്യാര്‍ഥി അക്കാദമിക് വര്‍ഷത്തിന്‍റെ ആദ്യം ഒറ്റത്തവണ മാത്രമേ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുള്ളൂ. അതിന്‍റെ പേരിലാണ് കണ്‍സഷന്‍ അനുവദിക്കാന്‍ കാലതാമസം ഉണ്ടായതെങ്കില്‍ ഉദ്യോഗസ്ഥന്‍ സമാധാനം പറയേണ്ടി വരും. ഇക്കാര്യത്തിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്നും കെഎസ്‌ആര്‍ടിസി ജനങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ALSO READ: കണ്‍സഷനെ ചൊല്ലി തർക്കം; കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച് കെഎസ്‌ആർടിസി ജീവനക്കാർ
ഇന്ന്(20.09.2022) രാവിലെയാണ് മകളോടൊപ്പം കണ്‍സെഷൻ എടുക്കാനായി എത്തിയ ആമച്ചൽ സ്വദേശി പ്രേമനനെ കെഎസ്‌ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ചത്. എന്നാൽ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്‍സെഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ ഓഫിസിൽ നിന്നും അറിയിച്ചു.
എന്നാൽ മൂന്ന് മാസം മുൻപ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും അതിനാൽ കണ്‍സെഷൻ അനുവദിക്കണമെന്നും പ്രേമനൻ ആവശ്യപ്പെട്ടു. പിന്നാലെ ജനങ്ങളെ വെറുതേ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതാണ് കെഎസ്‌ആർടിസി ഇങ്ങനെയാകാൻ കാരണം എന്നും പ്രേമനൻ പറഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.