തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്. നഗരത്തിലെ അറുപതോളം ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തിയത്. ഇതില്‍ മുപ്പതോളം ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. പുഴുവരിച്ച നിലയിലുള്ള മത്സ്യമാംസ ഭക്ഷണങ്ങൾ റെയ്ഡിൽ കണ്ടെത്തി.
ത്രീസാറ്റാര്‍ ഹോട്ടലുകളായ ചിരാഗ് ഇന്‍, പങ്കജ്, ഗീത് കൂടാതെ അട്ടകുളങ്ങരയിലെ ബുഹാരി, ബിസ്മി, ദീനത്ത്, ഇഫ്താര്‍, സണ്‍ വ്യൂ, പാളയത്തെ ഹോട്ടല്‍ എം.ആര്‍.എ, സംസം, ഹോട്ടല്‍ ആര്യാസ്, ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ ഹോട്ടല്‍ ഓപ്പണ്‍ ഹൗസ്, ഹോട്ടല്‍ സഫാരി തുടങ്ങിയ പ്രമുഖ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും തുടര്‍ പരിശോധനയില്‍ വീണ്ടും വീഴ്ച കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് വ്യക്തമാക്കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം അറിയിച്ചു.
നഗരസഭ നടപ്പിലാക്കാനിരിക്കുന്ന 'സുഭോജനം' പദ്ധതിയുമായി ബന്ധപ്പെടുത്തി നഗരത്തില്‍ പൊതു ആവശ്യങ്ങള്‍ക്കായി പാചകം ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും നഗരസഭയുടെ ഹെല്‍ത്ത് കാര്‍ഡും ഐ.ഡി. കാര്‍ഡും നിര്‍ബന്ധമാക്കുമെന്നും മേയര്‍ വ്യക്തമാക്കി. ഇതിലൂടെ തിരുവനന്തപുരം നഗരത്തിലെത്തുന്നവര്‍ക്ക് നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.